കുറ്റിക്കാട്ടൂർ: രാജ്യത്തെ ആദ്യത്തെ വാർഡ്തല പരിസ്ഥിതി കാവൽസംഘം പെരുവയൽ ഗ്രാമപഞ്ചായത്തിൽ നിലവിൽവന്നു. പഞ്ചായത്ത്തല ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും പരിസ്ഥിതി കാവൽസംഘങ്ങൾ രൂപവത്കരിച്ചത്. പ്രത്യേക നിയമാവലി തയാറാക്കി പൂർണ അധികാരത്തോടെയാണ് സംഘങ്ങൾ രൂപവത്കരിച്ചത്. വാർഡ് മെംബർ ചെയർമാനും പൊതുപ്രവർത്തകൻ കൺവീനറുമായി 15 അംഗ കാവൽസംഘമാണ് ഓരോ വാർഡിലും പ്രവർത്തനമാരംഭിച്ചത്. രണ്ടു മാസത്തിലൊരിക്കൽ നിർബന്ധമായും യോഗം ചേർന്ന് വാർഡിലെ പരിസ്ഥിതി, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ അവലോകനം നടത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളും. പരിസ്ഥിതി ഭീഷണികൾ സംബന്ധിച്ച പരാതികൾ അപ്പപ്പോൾ ചർച്ചചെയ്ത് നടപടി സ്വീകരിക്കുകയും പഞ്ചായത്ത്തല സമിതിയെ അറിയിക്കുകയും ചെയ്യും. നിലവിലുള്ള ജൈവസമ്പത്ത് സംബന്ധിച്ച് പ്രത്യേക രജിസ്റ്ററും തയാറാക്കിയിട്ടുണ്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ബോർഡ് മെംബർ സെക്രട്ടറി ദിനേശൻ ചെറുവാട്ട്, ജില്ല കോഓഡിനേറ്റർ ഡോ. എം. രമേഷ് എന്നിവർ ക്ലാസെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുന്നുമ്മൽ ജുമൈല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ. ഷറഫുദ്ദീൻ, അംഗങ്ങളായ ടി.എം. ചന്ദ്രശേഖരൻ, സി.ടി. സുകുമാരൻ, സെക്രട്ടറി എ.കെ. വിശ്വനാഥൻ, സി.എം. സദാശിവൻ, പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.