15 വർഷത്തിലധികം പഴക്കമുള്ള ഓടിട്ട വീടുകളാണ് ചെറുകര മുടപ്പിലാവിൽ കോളനിയിലുള്ളത് വെള്ളമുണ്ട: കാലപ്പഴക്കത്തിൽ തകർന്നുതുടങ്ങിയ വീടുകളിൽ ഉറക്കമില്ലാതെ ആദിവാസികൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ചെറുകര മുടപ്പിലാവിൽ കോളനിയിലാണ് ഏതു നിമിഷവും തകർന്നുവീഴാറായ വീടുകളുള്ളത്. 15 വർഷം മുമ്പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓടിട്ട വീടുകളാണ് തകർച്ച നേരിടുന്നത്. ഗുണനിലവാരമില്ലാത്ത മരത്തടികൾകൊണ്ട് നിർമിച്ച കഴുക്കോലും പട്ടികയും നിർമാണം കഴിഞ്ഞ് ഏറെ താമസിയാതെതന്നെ ചിതലരിച്ച് നശിച്ചിരുന്നു. പിന്നീട് തകർന്ന ഭാഗങ്ങളിൽ മരത്തടികൾെവച്ച് ഓട് താങ്ങിനിർത്തുകയായിരുന്നു. മേൽക്കൂരയുടെ മരം ഇല്ലാതായതോടെ താഴേക്ക് പതിക്കുന്നതും പതിവായി. തകർച്ച നേരിടുന്ന നിരവധി വീടുകൾ ഈ കോളനിയിലുണ്ട്. പലതിനും മേൽക്കൂരതന്നെ ഇല്ലാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി സംരക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെടുകയാണെന്ന് ആദിവാസികൾ പറയുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒന്നിലധികം കുടുംബങ്ങൾ ഈ വീടുകളിലാണ് താമസം. അപകടാവസ്ഥയിലുള്ള വീടുകളിൽ നരകജീവിതം നയിക്കുന്ന ഇവർക്ക് വെളിച്ചവും കിട്ടാക്കനിയാണ്. സമീപത്തെ കോളനികളിലും ഇത്തരത്തിലുള്ള വീടുകളും കുടിലുകളും നിരവധിയാണ്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കൂരകളിൽ പേടിച്ചാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ കഴിയുന്നത്. താൽക്കാലികമായി മറ്റെവിടെങ്കിലും മാറിപ്പോകാനും ഇവർക്ക് സ്ഥലമില്ല. പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചുതരാൻ അധികൃതർ നടപടി സ്വീകരിച്ചാലേ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. WEDWDL12 തകർച്ച നേരിടുന്ന വീടുകളിലൊന്ന് തോട്ടംതൊഴിലാളികൾക്ക് ഓണത്തിനുമുമ്പ് ബോണസ് നൽകണം കൽപറ്റ: വയനാട്ടിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓണത്തിനുമുമ്പ് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന് വിവിധ േട്രഡ് യൂനിയനുകൾ ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ വ്യവസായങ്ങളിലും ഓണത്തിനുമുമ്പ് ബോണസ് നൽകുമ്പോൾ തോട്ടംതൊഴിലാളികൾക്കുമാത്രം ഓണമാഘോഷിക്കാൻ വിഷമിക്കുന്ന ദുരവസ്ഥ ഒഴിവാക്കാൻ മാനേജ്മെൻറുകൾ തയാറാകണമെന്ന് പി.പി.എ. കരീം (എസ്.ടി.യു), പി.കെ. മൂർത്തി (എ.ഐ.ടി.യു.സി), ബി. സുരേഷ്ബാബു (ഐ.എൻ.ടി.യു.സി), എൻ. വേണുഗോപാൽ (പി.എൽ.സി), പി. മുരളീധരൻ (ബി.എം.എസ്), എൻ.ഒ. ദേവസ്യ (എച്ച്.എം.എസ്) എന്നിവർ അഭ്യർഥിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ബോണസ് നൽകാൻ കഴിയാതെവന്നാൽ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ സംഖ്യ അഡ്വാൻസായി അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ആവേശമായി കോളിപ്പറ്റ പാടത്തെ ഞാറുനടീൽ കണിയാമ്പറ്റ: കൃഷിഭവെൻറയും കർമസേനയുടെയും ആഭിമുഖ്യത്തിൽ തരിശുഭൂമി നെൽകൃഷിക്ക് അനുയോജ്യമാക്കിയ കോളിപ്പറ്റ പാടശേഖരം വയലിൽ കൃഷിയിറക്കൽ ചടങ്ങ് നടന്നു. മൊത്തം 7.5 ഏക്കറിലാണ് നെൽകൃഷി. ഉമ, ആതിര എന്നീ വിത്തിനങ്ങളാണ് കൃഷിചെയ്യുന്നത്. ആത്മ വയനാട് പ്രോജക്ട് ഡയറക്ടർ ഡോ. ആശ ഞാറുനടീൽ യന്ത്രം പ്രവർത്തിച്ച് ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ കൃഷി ഓഫിസർ സുനിൽകുമാർ, കൃഷി അസി. അനൂപ്, വാർഡ് മെംബർ അബ്ബാസ് എന്നിവർ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സണ്ണി, മനോജ് എന്നിവർ സംസാരിച്ചു. WEDWDL9 കോളിപ്പറ്റ പാടശേഖരത്തിലെ ഞാറുനടീൽ ആത്മ വയനാട് പ്രോജക്ട് ഡയറക്ടർ ഡോ. ആശ ഉദ്ഘാടനം ചെയ്യുന്നു പ്രധാനാധ്യാപക തസ്തിക അനുവദിക്കണം കൽപറ്റ: കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ വിദ്യാലയങ്ങളിലും പ്രധാനാധ്യാപകർക്ക് പകരം അധ്യാപക തസ്തികകൾ അനുവദിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികൾ കുറവുള്ള സ്കൂളുകളിലും കൂടുതലുള്ള സ്കൂളുകളിലും പ്രധാനാധ്യാപകർ വഹിക്കുന്ന ചുമതല ഒരുപോലെയാണ്. സ്കൂളിെൻറ ദൈനംദിന ആവശ്യങ്ങൾക്ക്് പ്രധാനാധ്യാപകർ സ്കൂളിൽനിന്ന് വിട്ടുനിൽക്കുമ്പോൾ അവർക്ക് ചുമതലയുള്ള ക്ലാസ് അനാഥമാകുന്നു. ഈ അവസ്ഥ ഒഴിവാക്കാൻ എല്ലാ വിദ്യാലയങ്ങളിലും പ്രധാനാധ്യാപകർക്ക് പകരം അധ്യാപകരെ നിയമിക്കാൻ അധികൃതർ തയാറാകണം. പ്രധാനാധ്യാപകർക്കായി ഏകദിന ശിബിരവും സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബെന്നി ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്സൻ നാണു മാസ്റ്റർ ക്ലാസെടുത്തു. ജില്ല സെക്രട്ടറി കെ.എൽ. േതാമസ്, എം.പി. ചെറിയാൻ, ജോയ് ജോസഫ്, ടി.വി. ജോൺ, കെ.ജി. േജാൺസൺ, ത്രേസ്യാമ്മ ജോർജ്, സിസ്റ്റർ സുമി, ഷാജി വർഗീസ്, ടി. ഇബ്രാഹിം, ദിലീപ്, ഡി. ഗ്ലാഡ്സൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.