*ജെയിംസും കുടുംബവും കലക്ടറേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് ഇന്ന് രണ്ടു വർഷം തികയുന്നു കൽപറ്റ: ''സത്യം മുഴുവൻ ഞങ്ങളുടെ ഭാഗത്താണ്, തെളിവുകളുമുണ്ട്. എന്നിട്ടും നീതി മാത്രം കിട്ടുന്നില്ല...'' പറഞ്ഞവസാനിപ്പിക്കുേമ്പാൾ ജെയിംസിെൻറ കണ്ഠമിടറി. എങ്കിലും സമരത്തിൽനിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് കണ്ണുകളിൽനിന്ന് വായിച്ചെടുക്കാം. വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിക്കായുള്ള കാഞ്ഞിരത്തിനാല്‍ ജെയിംസിെൻറയും കുടുംബത്തിെൻറയും കാത്തിരിപ്പിന് ചൊവ്വാഴ്ച രണ്ടു വർഷം തികയുകയാണ്. ജീവിതം സമ്മാനിച്ച ദുരിതങ്ങള്‍ കാരണം എല്ലാവിധത്തിലും തകര്‍ന്നടിഞ്ഞ ഒരു കുടുംബത്തോട് ഭരണകൂടം നീതി കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഇൗ കുടുംബത്തിനൊപ്പമുണ്ട്. ഇൗ സ്വാതന്ത്ര്യദിനത്തിലും, സത്യം വിജയിക്കുമെന്നും നീതിയുടെ വാതിൽ തങ്ങൾക്കായി തുറക്കുമെന്നുമുള്ള പ്രതീക്ഷയിൽ വയനാട് ജില്ല കലക്ടറേറ്റിന് മുന്നിലെ ടാർപോളിൻകൊണ്ട് മറച്ച സമരപ്പന്തലിൽ സമരം തുടരുകയാണ് ജെയിംസും കുടുംബവും. കാഞ്ഞിരങ്ങാട് വില്ലേജിൽ തങ്ങൾക്ക് അവകാശപ്പെട്ടതും വനംവകുപ്പ് കൈവശപ്പെടുത്തിയതുമായ 12 ഏക്കർ ഭൂമി തിരിച്ചു ലഭിക്കുന്നതിനായി ജെയിംസും കുടുംബവും 2015ലെ സ്വാതന്ത്ര്യദിനത്തിലാണ് അനിശ്ചിതകാല സമരമാരംഭിച്ചത്. തുടർന്ന് വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഇതോടെ പ്രശ്നത്തിലിടപെട്ട സർക്കാർ ജെയിംസിനും കുടുംബത്തിനും പ്രത്യേക പാക്കേജ് ഒാഫർ ചെയ്തെങ്കിലും കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. തങ്ങൾക്കവകാശപ്പെട്ട ഭൂമിതന്നെ വേണെമന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. സത്യവും നീതിയുമെല്ലാം ഇവരുടെ ഭാഗത്തായിട്ടും പ്രശ്നത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. നേരത്തേ, വിജിലൻസ് റിപ്പോർട്ടിലും ഇൗയിടെ മാനന്തവാടി സബ് കലക്ടർ ശീറാം സാംബശിവറാവു സമർപ്പിച്ച റിപ്പോർട്ടിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിേൻറതാണെന്ന് വ്യക്തമാക്കിയിട്ടും അനുകൂലമായി തീരുമാനമുണ്ടായിട്ടില്ല. ''ഇത്രയും നാളത്തെ സമരത്തിനിടയിൽ ഒരുപാട് സഹിച്ചു. ഒരുപാട് കുത്തുവാക്കുകൾ കേട്ടു. വേറെ ഭൂമി നൽകാം, 10 ലക്ഷം രൂപ നൽകാം, സർക്കാർ ജോലി തരാം... ഇത്രയും ഒാഫറുകൾ സർക്കാറിെൻറ ഭാഗത്തു നിന്ന് കിട്ടിയിട്ടും എന്തുകൊണ്ടാണ് സമ്മതിക്കാത്തതെന്നാണ് പലരുടെയും ചോദ്യം. ഒാഫറുകൾ അംഗീകരിക്കാൻ തങ്ങൾ തയാറാണ്. എന്നാൽ അതിനു മുമ്പ്, ഞങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിന് പകരമായാണ് ഇത്രയും കാര്യങ്ങൾ തങ്ങൾക്കു വേണ്ടി ചെയ്തതെന്ന് ഹൈകോടതിയിൽ പറയാൻ സർക്കാർ ഒരുക്കമാകണം. ഇല്ലെങ്കിൽ എന്തിനാണ് ഇത്രയും സൗകര്യങ്ങൾ സർക്കാർ ഇവർക്കു നൽകിയതെന്ന് ചോദിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ഞങ്ങൾ വീണ്ടും പെരുവഴിയിലാകും'' -ജെയിംസ് പറഞ്ഞു. 1967ലാണ് ജെയിംസിെൻറ ഭാര്യാപിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരനും 12 ഏക്കർ പട്ടയ ഭൂമി രജിസ്റ്റർ ചെയ്ത തീറാധാര പ്രകാരം വിലക്കു വാങ്ങുന്നത്. അവിടെ വീടുെവച്ച് താമസിച്ചു വരവെ 1977ലാണ് ഇവരുടെ ഭൂമി വനംഭൂമിയായി വനംവകുപ്പ് നോട്ടിഫൈ ചെയ്തത്. ഇതു കൂടാതെ പിന്നീടും ഈ ഭൂമി നിക്ഷിപ്ത വനഭൂമിയായി രണ്ടു തവണ നോട്ടിഫൈ ചെയ്തിരുന്നു. ഒരേ ഭൂമി രണ്ടു തവണ നിക്ഷിപ്ത വനഭൂമിയാണെന്ന് നോട്ടിഫൈ ചെയ്ത വനംവകുപ്പ് നടപടിയിൽ ദുരൂഹതയുണ്ട്. ഉന്നതരുടെ കൈയേറ്റം മറച്ചു പിടിക്കാനാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചത്. ഈ ഭൂമി സംബന്ധിച്ച് സർക്കാർ രണ്ടു തവണ ഹൈകോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ തല ചായ്ക്കാന്‍ ഭാഗ്യമില്ലാതെ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് വാടകവീട്ടില്‍ കിടന്ന് നരകിച്ചാണ് മരിച്ചത്. പിന്നീട് അദ്ദേഹത്തിെൻറ ഭാര്യ ഏലിക്കുട്ടിയും വിടപറഞ്ഞു. പിന്നീടാണ് ജോർജിെൻറ മകള്‍ ട്രീസയും ഭര്‍ത്താവ് െജയിംസും രണ്ട് മക്കളും സമരം തുടരുന്നത്. ജോര്‍ജ് മരിച്ചതിനെ തുടര്‍ന്നാണ് മരുമകന്‍ െജയിംസ് സമരരംഗത്തെത്തിയത്. സാമ്പത്തികമായി ശേഷിയില്ലാത്ത ഈ കുടുംബത്തിെൻറ പക്കല്‍നിന്ന് വനംവകുപ്പ് ഭൂമി പിടിച്ചെടുത്തതില്‍ കള്ളക്കളികളുണ്ടെന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ടായിട്ടും ഇതുവരെയും ഇൗ കുടുംബത്തിന് നീതി ലഭിച്ചില്ല. MONWDL8 വയനാട് ജില്ല കലക്ടറേറ്റിന് മുന്നിലെ ടാർപോളിൻ കൊണ്ടു മറച്ച സമരപ്പന്തലിൽ െജയിംസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.