വൈത്തിരി (വയനാട്): നാടിനെ ഉദ്വേഗമുനയിൽ നിർത്തിയ പുള്ളിപ്പുലിയെ കിണറ്റിൽനിന്ന് കരക്കെത്തിച്ച് കൂട്ടിൽ കയറ്റി കാട്ടിൽ വിട്ടു. തിങ്കളാഴ്ച പുലർച്ചെ പൊഴുതന ആറാംമൈലിൽ ജനവാസകേന്ദ്രത്തിൽ ടി.എം. ഹനീഫയുടെ കിണറ്റിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ട ശേഷമാണ് പരിക്കൊന്നും ഏൽപിക്കാതെ ഇരുമ്പുകൂട്ടിൽ കയറ്റിയത്. തുടർന്ന് ഉൾവനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. പുലർച്ചെ ഒച്ചകേട്ടു വന്ന വീട്ടുകാരാണ് ആദ്യം കിണറ്റിൽ പുലിയെ കണ്ടത്. വിവരമറിഞ്ഞു ആളുകൾ ഒഴുകിയെത്തി. കിണറ്റിൽനിന്നും അലറാൻ തുടങ്ങിയ പുലി പുറത്തേക്കു ചാടിയേക്കുമോയെന്ന ഭയത്താൽ നാട്ടുകാർ വലിയ കട്ടിൽ കിണറിനുമുകളിൽവെച്ച് മൂടി. കിണറിനു 60 അടിയിലധികം ആഴമുണ്ടായിരുന്നുവെങ്കിലും കാൽഭാഗം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി. നിയന്ത്രിക്കാനാവാത്തവിധം ജനങ്ങൾ സ്ഥലത്തു തടിച്ചുകൂടിയത് പുലിയെ കിണറ്റിൽനിന്ന് കയറ്റാനുള്ള ശ്രമങ്ങൾക്ക് തടസ്സമാവുേമായെന്ന ആശങ്കയുയർന്നു. വൈത്തിരി-തരിയോട് റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഉച്ചക്ക് 1.30ഒാടെയാണ് മേപ്പാടി സെക്ഷനിൽനിന്നും കൊണ്ടുവന്ന പ്രത്യേക ഇരുമ്പുകൂട്ടിലേക്ക് സാഹസപ്പെട്ട് പുലിയെ കയറ്റിയത്. ഇടക്കു രണ്ടുപ്രാവശ്യം പുലി പുറത്തേക്കു ചാടാനുള്ള വിഫലശ്രമം നടത്തി. കൂടടക്കം ലോറിയിൽ കയറ്റി പൂക്കോട് വെറ്ററിനറി ക്ലിനിക്കിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയ ശേഷമാണ് പുലിയെ വനത്തിൽ വിട്ടത്. വനംവകുപ്പ് ഉത്തരമേഖല സി.സി.എഫ് ശ്രാവൺ കുമാർ വർമ, ഡി.എഫ്.ഒ അബ്ദുൽ അസീസ്, എസ്.എഫ്.ഒ മുഹമ്മദ് ഇക്ബാൽ, മേപ്പാടി റേഞ്ച് ഓഫിസർ ഹരിശ്ചന്ദ്രൻ, ഡെപ്യൂട്ടി ഓഫിസർ ആഷിഫ്, വകുപ്പ് ഉദ്യോഗസ്ഥരായ പുരുഷോത്തമൻ നായർ, ശ്രീജിത്ത്, വൈത്തിരി പൊലീസ് സി.ഐ അബ്ദുൽ ഷെരീഫ്, എസ്.ഐ രാധാകൃഷ്ണൻ, അഡീ. എസ്.ഐ മാത്യു, പടിഞ്ഞാറത്തറ എസ്.ഐ അബൂബക്കർ, വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുലിയെ പുറത്തെത്തിച്ചത്. ഏഴു വയസ്സ് പ്രായമുള്ള പുലിക്ക് ആറടിയിലധികം നീളമുണ്ട്. WDG02 ജനവാസകേന്ദ്രത്തിലെ കിണറ്റിൽ വീണ പുള്ളിപ്പുലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.