-മലേഷ്യൻ ഇൻറർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റ് മീറ്റിലെ നടത്തമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിവേക് ഒന്നാം സ്ഥാനം നേടി വടകര: ജീവിതം മാറ്റിമറിച്ചതിന് പിന്നിലെ പ്രചോദനത്തെ കുറിച്ച് വിജയികൾക്ക് പല കഥകളും പറയാനുണ്ടാവും. എന്നാൽ, ഒരു പത്രവാർത്ത ഒരാളെ 47ാം വയസ്സിൽ കായികതാരമാക്കിയ കഥ കേട്ടിട്ടുണ്ടോ. അത്തരമൊരു കഥയാണ് തിരൂർ കാഞ്ഞിരക്കോൽ എ.എം. യു.പി. സ്കൂളിലെ അധ്യാപകനായ വിവേക് മാസ്റ്റർക്ക് പറയാനുള്ളത്. 75ാം വയസ്സിലും കിലോമീറ്ററുകളോളം ഓടുന്ന കൊല്ലം സ്വദേശി റിട്ട. കേണൽ രാജനെ കുറിച്ചുള്ള പത്രവാർത്ത വായിച്ചപ്പോഴാണ് ഒരു കൈ നോക്കാൻ തീരുമാനിച്ചത്. 2008ലാണത്. പിന്നെ, ചിട്ടയായ പരിശീനം നടത്തി. കിട്ടാവുന്ന മത്സരങ്ങളിലെല്ലാം പങ്കാളിയായി. ഇപ്പോൾ കായിക മേഖലയിൽ എവിടെ എത്തിയെന്ന ചോദ്യത്തിന് ഉത്തരമിതാ, കഴിഞ്ഞ ദിവസം മലേഷ്യയിൽ നടന്ന മലേഷ്യൻ ഇൻറർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റ് മീറ്റിലെ അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഒന്നാം സ്ഥാനം നേടി തിരിച്ചെത്തിയിരിക്കയാണ് 47 കാരനായ വിവേക്. 2011 ൽ സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അധ്യാപക വിഭാഗത്തിൽ 1500 മീറ്റർ നടത്ത മത്സരത്തിൽ വെങ്കലമെഡൽ നേടിയാണ് വിവേകിെൻറ നേട്ടങ്ങളുടെ തുടക്കം. 2012ൽ ഇതേമത്സരത്തിൽ വെള്ളിമെഡൽ നേടി. ഒപ്പം കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ 500 മീറ്റർ നടത്തമത്സരത്തിൽ സ്വർണമെഡൽ, 1500 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡൽ, 10,000 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലമെഡൽ എന്നിങ്ങനെ നേടി. 2013ൽ കേരള മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ മത്സരത്തിൽ സ്വർണമെഡൽ, 1500, 5000, 10,000 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡൽ എന്നിവ നേടി. സ്റ്റേറ്റ് സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ നടത്തമത്സരത്തിലും ദേശീയ വൈറ്ററൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ നടത്തമത്സരത്തിലും വെള്ളിമെഡൽ നേടി. പിന്നീടിങ്ങോട്ട് എല്ലാവർഷവും സ്വർണവും വെള്ളിയും നേടി വിവിധ മത്സരങ്ങളിൽ പങ്കാളിയായി. 42 കിലോമീറ്റർ ഫുൾ മാരത്തണിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. വടകര മുട്ടുങ്ങൽ റിട്ട. സുബേദാർ എരോത്ത് ഗോപാലക്കുറിപ്പിെൻറയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: മായ (അധ്യാപിക, മാഹി പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ). മക്കൾ: അഭിനവ്. അഭിനന്ദ്. --അനൂപ് അനന്തൻ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.