കോഴിക്കോട്: കടുത്ത എതിർപ്പുകളും പ്രതിഷേധങ്ങളുമുണ്ടായിട്ടും അവയെല്ലാം അവഗണിച്ച് കനോലി കനാൽ വികസന പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന ആശങ്ക പരിസരവാസികളെ അലട്ടുന്നു. പദ്ധതിക്കെതിരെ 500ഓളം പേർ ഒപ്പിട്ട പരാതികൾ നൽകിയിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് അധികാരികളുടെ നീക്കം. ദേശീയ ജലപാതയുടെ ഭാഗമാക്കി കനാലിനെ ആദ്യഘട്ടത്തിൽ 14 മീറ്ററും രണ്ടാംഘട്ടത്തിൽ 35 മീറ്ററും വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുക. മൊത്തം 1,100 കോടി രൂപ കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുക. ഇതിനായി 550ലേറെ വീടുകളും നൂറോളം കടകളും ഒഴിപ്പിക്കും. കിടപ്പാടം നഷ്ടപ്പെടുത്തുന്ന വികസന പദ്ധതിക്കെതിരെ കഴിഞ്ഞ സെപ്റ്റംബറിൽ 500ഓളം കുടുംബങ്ങൾ നഗരസഭയിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനു മറുപടി നൽകാനോ പരാതിക്കാരുമായി ചർച്ച നടത്താനോ പോലും അധികൃതർ തയാറായിട്ടില്ല. മേയ് രണ്ടിന് നടക്കുന്ന നഗര മാസ്റ്റർ പ്ലാൻ യോഗത്തിൽ കനോലി കനാൽ വീതികൂട്ടലുൾപ്പടെയുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകാനാണ് അധികൃതരുടെ തീരുമാനം. വേങ്ങേരി സ്റ്റേഡിയം, ചേവായൂർ മിനിസിവിൽ സ്റ്റേഷൻ തുടങ്ങിയ എതിർപ്പുള്ള ചില പദ്ധതികൾ ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കനോലി കനാൽ പദ്ധതിക്കെതിരെ മറ്റു പദ്ധതികളേക്കാൾ വ്യാപകമായ എതിർപ്പും പരാതികളുമുയർന്നിട്ടും അധികൃതർ മുഖവിലക്കെടുക്കാത്തതിനാൽ കടുത്ത പ്രതിഷേധത്തിലാണ് കനാൽ തീരവാസികൾ. പരാതിക്കാർ അധികൃതരെ ബന്ധപ്പെട്ടപ്പോഴും കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാം പരിഗണിക്കാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവർ പ്രതികരിച്ചതെന്ന് ഇവർ പറഞ്ഞു. കോർപറേഷനിൽ നൽകിയ പരാതികൂടാതെ ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലും കേസുണ്ട്. കോടതിയിൽനിന്ന് കോർപറേഷന് നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ തിരക്കിട്ട് പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കനോലി കനാൽ തീരജന സംരക്ഷണ സമിതി ചെയർമാൻ കെ.എസ് അരവിന്ദാക്ഷൻ, കൺവീനർ ഷംസുദ്ദീൻ കുനിയിൽ എന്നിവർ ആരോപിച്ചു. കനാലിലെ വെള്ളം ശുദ്ധീകരിച്ച്, വീതി കൂട്ടാതെയുള്ള വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഇവർ പറയുന്നു. സർക്കാർ തീരുമാനിച്ച പദ്ധതി തങ്ങൾ വിചാരിച്ചാലും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കോർപറേഷൻ അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.