മുക്കം: അങ്ങാടിയിലും പരിസരത്തും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ക്ക് മുഖ്യകാരണം അശാസ്ത്രീയ ട്രാഫിക് സംവിധാനമെന്ന് ആക്ഷേപം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം പി.സി ജങ്ഷന്‍ മുതല്‍ മുക്കം പാലം വരെയുള്ള നൂറുമീറ്റര്‍ റോഡ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ്. താമരശ്ശേരിക്കും മുക്കത്തിനുമിടയില്‍ 15 കി.മീ റോഡ് 15 കോടി ചെലവില്‍ ഈയിടെ പരിഷ്കരിച്ചതിലുള്‍പ്പെടുന്നതാണ് ഈ ഭാഗം. എന്നാല്‍, ഇവിടെ റോഡിന്‍െറ വശങ്ങളില്‍ നടപ്പാതയും ഓവുചാലുമൊന്നും നിര്‍മിച്ചില്ല. സിഗ്നല്‍ ലൈറ്റുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഒന്നുമില്ല. ഈ അവസ്ഥയിലാണ് ചീറിപ്പാഞ്ഞുവരുന്ന ബസുകള്‍ താരതമ്യേന വീതികുറഞ്ഞ ബൈപാസിലേക്ക് ഒരേസമയം പ്രവേശിക്കുന്നത്. വടക്കുനിന്ന് തെക്കോട്ടുപോകുന്ന ബസുകളില്‍ ചിലത് ബൈപാസിലേക്ക് തിരിഞ്ഞുപോകുമ്പോള്‍ മറ്റുള്ളവ നേരെ അരീക്കോടു ഭാഗത്തേക്ക് പോകുന്നവയാണ്. ഈ ജങ്ഷനില്‍നിന്ന് ഏത് വാഹനം ഏത് ഭാഗത്തേക്ക് തിരിയുമെന്ന് ഊഹിക്കാനാവാതെ മറ്റ് വാഹനക്കാര്‍ ആശയക്കുഴപ്പത്തിലാകും. സ്റ്റാന്‍ഡില്‍നിന്നുള്ള ബസുകള്‍ പുറത്തേക്ക് പോകാന്‍ മാത്രമായി ബൈപാസ് ഉപയോഗിച്ചാല്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാനും അപകടസാധ്യത കുറയ്ക്കാനും സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. സംസ്ഥാനപാതയില്‍ ഈ ഭാഗത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം ഏഴ് മനുഷ്യ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടവരുടെ സംഖ്യ ഏറെയാണ്. എത്രയും വേഗം ശാസ്ത്രീയയായ ട്രാഫിക് പരിഷ്കരണത്തിന് മുക്കം നഗരസഭ തയാറാകണമെന്നാണ് പരിസരത്തെ വ്യാപാരികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.