തിരുവമ്പാടിയില്‍ പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

തിരുവമ്പാടി: നിശബ്ദ പ്രചാരണത്തിലും സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമുണ്ടായില്ല. ശക്തമായ പോരാട്ടം നടക്കുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ തങ്ങളുടെ വോട്ടുകള്‍ പൂര്‍ണമായി ഉറപ്പാക്കാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രവര്‍ത്തനനിരതരായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം. ഉമ്മര്‍ മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും സന്ദര്‍ശനം നടത്തി. ഓരോ സ്ഥലത്തെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് തെരഞ്ഞെടുപ്പിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്തു. കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി പള്ളിപ്പുറം ജി.യു.പി സ്കൂളിലെ 14ാം നമ്പര്‍ ബൂത്തിലാണ് വി.എം. ഉമ്മറിന്‍െറ വോട്ട്. തിങ്കളാഴ്ച രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ഥിയുടെ മണ്ഡല സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് മുക്കത്തെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലത്തെി നേതാക്കളുമായി കൂടിയാലോചന നടത്തി. ചിലരോട് ടെലിഫോണില്‍ തന്നെ മറക്കരുതെന്ന ഓര്‍മപ്പെടുത്തല്‍. ഉച്ചക്കുശേഷം പ്രമുഖ വ്യക്തികളെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു. ജോര്‍ജ് എം. തോമസിന്‍െറ വോട്ട് തിരുവമ്പാടി മണ്ഡലത്തില്‍തന്നെയായതിനാല്‍ സ്വന്തം ചിഹ്നത്തില്‍തന്നെ രേഖപ്പെടുത്താം. രാവിലെ തോട്ടുമുക്കം ജി.യു.പി സ്കൂളിലെ 125ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം വോട്ട് ചെയ്യും. പിന്നീട് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഗിരി പാമ്പനാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി രാജു പുന്നക്കല്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ടി.പി. മുഹമ്മദ്, പി.ഡി.പി സ്ഥാനാര്‍ഥി നൗഷാദ് കൊടിയത്തൂര്‍ എന്നിവര്‍ക്കും നിശബ്ദ പ്രചാരണ ദിനത്തില്‍ വിശ്രമമില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.