കണ്ണീരൊപ്പാന്‍ അവര്‍ ഒരു മനസ്സോടെ ബസോടിച്ചു

ബാലുശ്ശേരി: ഷബീബയുടെയും സുല്‍ഫത്തിന്‍െറയും സുരേഷിന്‍െറയും കണ്ണീരൊപ്പാന്‍ ലാഭവും കൂലിയും മറന്ന് അവര്‍ ഒരു മനസ്സോടെ ബസോടിച്ചു. ബാലുശ്ശേരി-കോഴിക്കോട് റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസുകളുടെ ഓട്ടം ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ ഷബീബയുടെയും സുല്‍ഫത്തിന്‍െറയും കരള്‍രോഗബാധിതനായ സുരേഷിന്‍െറയും ജീവന്‍ രക്ഷിക്കാനുള്ള ചികിത്സാസഹായം സ്വരൂപിക്കാനായിരുന്നു. ബാലുശ്ശേരി-കോഴിക്കോട് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29ഓളം ബസുകളാണ് കാരുണ്യയാത്രക്കൊപ്പം ചേര്‍ന്നത്. ഉണ്ണികുളം എം.എം പറമ്പിലെ ഷബീബക്കും കാക്കൂര്‍ പാവണ്ടൂരിലെ സുല്‍ഫത്തിനും ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. വൃക്കകള്‍ മാറ്റിവെച്ചാല്‍മാത്രമേ ഇവര്‍ക്ക് തുടര്‍ജീവിതം സ്വപ്നംകാണാന്‍ പറ്റുകയുള്ളൂ. കരള്‍മാറ്റ ശസ്ത്രക്രിയക്കായി കാത്തുകഴിയുന്ന ഉണ്ണികുളത്തെ സുരേഷ് ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലാണ് ജീവിതം തള്ളിവിടുന്നത്. കരള്‍മാറ്റ ശാസ്ത്രക്രിയക്ക് 20 ലക്ഷത്തോളം രൂപ ചെലവുവരും. മൂവരുടെയും ചികിത്സക്കായി 40 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സുരേഷ് ബസ് ജീവനക്കാരനുമാണ്. കാരുണ്യയാത്രയില്‍നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും ഇവരുടെ ചികിത്സക്കായി നല്‍കാനാണ് തീരുമാനം. ബസില്‍വെച്ചുതന്നെ സംഭാവന നല്‍കിയും ടിക്കറ്റിന്‍െറ ബാക്കി വാങ്ങാതെയും ഒട്ടുമിക്ക യാത്രക്കാരും ഇതിനോട് സഹകരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളും തങ്ങളാലാവുംവിധം കാരുണ്യയാത്രയില്‍ പങ്കാളികളായി. ബാലുശ്ശേരി മഹാരാജ കോളജിലെയും മാളിക്കടവ് ഗവ. ഐ.ടി.ഐയിലെയും വിദ്യാര്‍ഥികള്‍ പ്രത്യേകമായി സ്വരൂപിച്ച ധനസഹായവും കാരുണ്യയാത്രക്കിടെ കൈമാറി. ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ്, കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ബസ് കോഓഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ധനസഹായം സ്വരൂപിക്കുന്നതിനായി രംഗത്തുണ്ടായിരുന്നു. കാരുണ്യയാത്രയില്‍ പങ്കെടുത്ത ബസുകള്‍ക്കുള്ള ഡീസല്‍ചാര്‍ജും സംഭാവനയായി നല്‍കിയതാണ്. നന്മണ്ട വ്യാപാരി വ്യവസായി ഏകോപനസമിതി സ്വരൂപിച്ച സഹായവും കൈമാറി. രാവിലെ ബാലുശ്ശേരി ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബാലുശ്ശേരി സി.ഐ കെ.കെ. വിനോദനാണ് കാരുണ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഇസ്മായില്‍ കുറുമ്പൊയില്‍, എം. മെഹബൂബ്, കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ടി.വി. ബാബു, ടി.കെ. ഷമീര്‍, എം.പി. ഹമീദ് എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ കോഴിക്കോട് അസി. കമീഷണര്‍ എ.ജെ. ബാബു ഫ്ളാഗ് ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.