നീളത്തെച്ചൊല്ലി തര്‍ക്കം; ചെറുവാടിയില്‍ ഖബര്‍ മാന്തി പരിശോധന

ചെറുവാടി: പിതാവിന്‍െറ ഖബറിന്‍െറ നീളത്തെച്ചൊല്ലി മക്കള്‍ തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ മണ്ണുമാന്തി പരിശോധന. 21 വര്‍ഷം മുമ്പ് മരിച്ച പണ്ഡിതന്‍ ഏഴിമല അഹമ്മദ് മുസ്ലിയാരുടെ ഖബറിടമാണ് മണ്ണ് നീക്കി പരിശോധിച്ചത്. ചെറുവാടിയിലെ പുതിയോത്ത് ജുമാമസ്ജിദ് ഖബറിടത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കഴിഞ്ഞ ഡിസംബര്‍ 27ന് ഏഴിമല അഹമ്മദ് മുസ്ലിയാരുടെ മകന്‍ ഇ.എന്‍. മഹമൂദ് മുസ്ലിയാര്‍ മരിച്ചിരുന്നു. അദ്ദേഹത്തെ ഖബറടക്കിയത് പിതാവിന്‍െറ ഖബറിനോട് ചേര്‍ന്നാണ്. മഹമൂദ് മുസ്ലിയാരുടെ ഖബറടക്കത്തിനുശേഷം ഖബര്‍ നന്നാക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്‍െറ മക്കളില്‍ ചിലര്‍ ഖബര്‍ നീളം കൂടിയതായി അവകാശപ്പെടുകയും സിമന്‍റ് ബ്ളോക് ഉപയോഗിച്ച് ഖബര്‍ പ്രത്യേകം വേര്‍തിരിക്കുകയും ചെയ്തു. ഇതോടെ ഖബര്‍ വലുതായത് നാട്ടില്‍ ചര്‍ച്ചയായി. എന്നാല്‍, ഏഴിമലയുടെ ചില മക്കള്‍ ഇത് എതിര്‍ത്തു. പള്ളിക്കമ്മിറ്റിക്ക് അവര്‍ കത്ത് നല്‍കി. ഖബര്‍ ബോധപൂര്‍വം വലുതാക്കി എന്നായിരുന്നു അവരുടെ ആരോപണം. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ ഇരു വിഭാഗത്തുമുള്ള മക്കള്‍ കൂടിയിരുന്ന് ഖബര്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മക്കളുടെയും ബന്ധുക്കളുടെയും പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ പരിശോധന നടന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി. നാട്ടുകാരും തടിച്ചുകൂടി. മുമ്പ് കല്ലുവെട്ട് കുഴിയായതിനാല്‍ വലുപ്പത്തില്‍ ഖബര്‍ കെട്ടിപ്പൊക്കുകയായിരുന്നുവെന്ന് അന്ന് ഖബര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ തേനായിക്കോട് മമ്മദ് ബന്ധുക്കളോട് പറഞ്ഞു. അടിയില്‍ ഖബര്‍ ചെങ്കല്ല് കൊണ്ട് നാലുപാടും കെട്ടിയിരുന്നു. പിതാവിന് ആറടി പൊക്കമുള്ളതിനാല്‍ ഏഴടിയോളം നീളത്തിലാണ് ഖബര്‍ കെട്ടിയതെന്ന് പരിശോധനയില്‍ വ്യക്തമായതായി ഏഴിമല അഹമ്മദ് മുസ്ലിയാരുടെ മകന്‍ ഇ.എന്‍. അബ്ദുറഹിമാന്‍ പറഞ്ഞു. അതിനാലാണ് അസ്വാഭാവിക വലുപ്പം തോന്നാന്‍ ഇടയായതെന്നും മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ളെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.