വടകര: രാത്രിയില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍ കയറാത്തത് പതിവാകുന്നു. ഈ വിഷയം കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ നേരം ഇരുളുന്നതോടെ ദുരിതത്തിലാകുകയാണ്. ഇതോടെ, ദൂരദിക്കുകളിലേക്കും മറ്റും യാത്രക്കായി ബസ് കാത്തിരിക്കുന്നവര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥയുമുണ്ട്. അതേസമയം, ഹൈവേക്കരികില്‍ ബസും കാത്ത് മണിക്കൂറുകളോളം ഫുട്പാത്തില്‍ കൂരിരുട്ടില്‍ കഴിയേണ്ട ഗതികേടാണുള്ളത്. ഈ അവസ്ഥ സൃഷ്ടിച്ചതാകട്ടെ രാത്രിസര്‍വിസുകളിലെ ജീവനക്കാരാണെന്നാണ് ആക്ഷേപം. കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുമോ അതോ ഹൈവേക്കരികില്‍ നില്‍ക്കുമോ എന്നറിയാതെ പരക്കംപായുന്നത് പതിവായിക്കഴിഞ്ഞു. ഹൈവേകളിലെ സ്റ്റാന്‍ഡുകളില്‍ രാത്രികാല സര്‍വിസുകള്‍ കയറ്റണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പൊതുവായ നിര്‍ദേശം. എന്നാല്‍, ഇത് അട്ടിമറിച്ചാണ് രാത്രി സര്‍വിസുകളിലെ ജീവനക്കാരും കോഴിക്കോട്ടെ ചില ഉന്നതരും ചേര്‍ന്ന് വടകരയില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തില്‍ അത്ര പരിചയമില്ലാത്തവര്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വാക്തര്‍ക്കത്തിലേക്കുവരെ നീളുന്നതും മറ്റൊരു രാത്രിക്കാഴ്ചയായി മാറുന്നു. സ്റ്റാന്‍ഡിലത്തെുന്നവരോട് ഇവിടെയിരുന്നാല്‍ മതിയെന്ന് കച്ചവടക്കാരും മറ്റും പറയുമെങ്കിലും സ്റ്റാന്‍ഡില്‍ ബസ് കയറുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുമ്പോള്‍തന്നെ ഹൈവേക്കരികില്‍ വണ്ടിനിര്‍ത്തി പുറപ്പെടാനൊരുങ്ങുമ്പോള്‍, ബാഗും മറ്റ് സാധനസാമഗ്രികളുമായി യാത്രക്കാര്‍ ഓടിയത്തെിയാലും കാര്യമുണ്ടാകില്ല. പ്രായമേറിയവരും സ്ത്രീകളും കുട്ടികളുമുണ്ടെങ്കില്‍ വടകരയിലെ രാത്രിയാത്ര ഒന്നുകൂടി ദുരിതപൂര്‍ണമാകും. കൂരിരുട്ടില്‍ ഫുട്പാത്തില്‍ കാത്തിരുന്നാല്‍തന്നെ ഡ്രൈവര്‍ക്ക് തോന്നുന്നതനുസരിച്ച് വണ്ടി ചിലപ്പോള്‍ സ്റ്റാന്‍ഡില്‍ കയറിയായിരിക്കും പോവുക. ഹൈവേക്കരികിലെ യാത്രക്കാര്‍ ഓടിയത്തെും മുമ്പേ ബസ് പോയിട്ടുണ്ടാകും. വടകര കെ.എസ്.ആര്‍.ടിസി ഓഫിസില്‍നിന്ന് ഇതുസംബന്ധിച്ച് ധാരാളം പരാതികള്‍ പോയിട്ടുണ്ടെങ്കിലും മുകളിലുള്ളവര്‍ പുല്ലുവില കല്‍പിക്കുന്നില്ല. കോഴിക്കോട്ടുനിന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ തോന്നിയവഴിക്ക് വണ്ടിയോടിച്ച് യാത്രക്കാരെ പെരുവഴിയിലാക്കുന്നതെന്നാണ് ആക്ഷേപം. ഇതേസമയം, സ്വകാര്യബസ് ജീവനക്കാര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ചാണ് സ്റ്റാന്‍ഡില്‍ കയറാത്തതെന്നും പറയുന്നു. വരുംദിവസങ്ങളില്‍ ആര്‍.ടി.ഒ സ്വീകരിക്കുന്ന നടപടിയോടെ ഇതിന് അറുതിവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.