വടകര താലൂക്കില്‍ ബസ് പണിമുടക്ക് തുടരുന്നു

വടകര: താലൂക്കില്‍ ബസ് ജീവനക്കാര്‍ വ്യാഴാഴ്ച ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈ.എസ്.പി വിളിച്ചുചേര്‍ത്ത ചര്‍ച്ചയും രാത്രി ഏറെ വൈകുന്നതുവരെ തുടര്‍ന്നെങ്കിലും ഒടുവില്‍ അലസിപ്പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍നിന്ന് പിന്നോട്ടുപോയെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. ബസ് ജീവനക്കാരെ മര്‍ദിച്ച കേസുകളിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും തണ്ണീര്‍പന്തല്‍ നയന ബസിലെ ജീവനക്കാരുടെയും മറ്റും പേരില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ യൂനിയന്‍ സംയുക്തമായി എട്ടിന് പണിമുടക്കുമെന്ന് നോട്ടീസ് നല്‍കിയത്. അനിശ്ചിതകാല പണിമുടക്ക് നോട്ടീസ് ജില്ലാ കലക്ടര്‍, എ.ഡി.ജി.പി, റൂറല്‍ എസ്.പി, തഹസില്‍ദാര്‍, ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ക്ക് കഴിഞ്ഞയാഴ്ചതന്നെ നല്‍കിയിരുന്നെങ്കിലും സമരം ഒഴിവാക്കാന്‍ പാകത്തിലുള്ള ഒരു അനുരഞ്ജന നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ളെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച പണിമുടക്കിയ തൊഴിലാളികള്‍ വടകര താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരം വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതത്തെ ബാധിച്ചുതുടങ്ങി. വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും പേരിനു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ശനിയാഴ്ച മുതല്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന ഹ്രസ്വദൂര ബസുകള്‍ താലൂക്ക് അതിര്‍ത്തിയില്‍നിന്ന് തിരിച്ചുപോകണമെന്ന് പണിമുടക്കിയ തൊഴിലാളികളുടെ സംയുക്ത യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. അതുംകൂടിയായതോടെ വടകരയിലത്തെുന്നവരുടെ എണ്ണം തീരെ കുറഞ്ഞതായി കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തൊഴിലാളികളുടെയും സംയുക്ത യൂനിയന്‍െറയും തീരുമാനം. ഞായറാഴ്ച ബസ് തൊഴിലാളികളുടെ യോഗം ചേരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.