കാപ്പാട് ഡിവിഷന്‍: യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു

ചേമഞ്ചേരി: യു.ഡി.എഫില്‍ കാപ്പാട് ബ്ളോക് പഞ്ചായത്ത് ഡിവിഷന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഇടയില്‍ ഉടലെടുത്ത തര്‍ക്കം രണ്ടുദിവസം തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിക്ക് വിട്ടു. നേരത്തെ മുസ്ലിം ലീഗിലെ ഏരൂല്‍ മുസ്തഫ മത്സരിച്ച ഡിവിഷന്‍ കഴിഞ്ഞതവണ പട്ടികജാതി സംവരണമണ്ഡലമായി മാറിയതിനാല്‍ കോണ്‍ഗ്രസിന് കൈമാറുകയായിരുന്നു. അടുത്തതവണ ലീഗിനുതന്നെ തിരികെ നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കൈമാറ്റമെന്ന് ലീഗ് വൃത്തങ്ങള്‍ പറയുന്നു. മുമ്പും രണ്ടുതവണ ലീഗുതന്നെയാണ് പന്തലായനി ബ്ളോക്കില്‍പെട്ട ഈ ഡിവിഷനില്‍ മത്സരിച്ചിരുന്നത്. ഇത്തവണത്തെ സീറ്റുവിഭജന ചര്‍ച്ചയില്‍ കാപ്പാട് ഡിവിഷന്‍ തിരികെ കൊടുക്കാന്‍ കഴിയില്ളെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ് മത്സരിക്കാന്‍ ലഭിച്ച 10 വാര്‍ഡുകളില്‍ ഏഴിലും അന്തിമ ധാരണയായിട്ടുണ്ട്. ഒന്നാം വാര്‍ഡില്‍ (ചേമഞ്ചരി) പി.കെ. ഗോപാലനും അഞ്ചില്‍ (കൊളക്കാട്) ഷബീര്‍ എളവനക്കണ്ടിയും ആറില്‍ (പൂക്കാട് ഈസ്റ്റ്) മണികണ്ഠന്‍ മേലേടത്തും ഏഴില്‍ (പൂക്കാട്) കെ.കെ. ഫാറൂഖും 11ല്‍ (കോരപ്പുഴ) സി.കെ. ബാലനും 16ല്‍ (വികാസ് നഗര്‍) മനോജ് കാപ്പാടും 20ല്‍ (തുവ്വപ്പാറ) പി.പി. ശ്രീജയും സ്ഥാനാര്‍ഥികളാകും. വെള്ളിയാഴ്ച ചേരുന്ന മണ്ഡലം എക്സിക്യൂട്ടിവ് സ്ക്രൂട്ടിനി കമ്മിറ്റി യോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം. എല്‍.ഡി.എഫില്‍ ആകെയുള്ള 20 വാര്‍ഡുകളിലും സി.പി.എം മത്സരിക്കും. ഒരുവാര്‍ഡ് എന്‍.സി.പിക്ക് നല്‍കാന്‍ തയാറായെങ്കിലും ബ്ളോക് ഡിവിഷനില്‍ മത്സരിക്കാനാണ് എന്‍.സി.പിക്ക് താല്‍പര്യം. ചേമഞ്ചേരി ഡിവിഷനില്‍ അവിണേരി ശങ്കരനായിരിക്കും എന്‍.സി.പി സ്ഥാനാര്‍ഥി. വെള്ളിയാഴ്ച നടക്കുന്ന വെങ്ങളം, ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റി യോഗങ്ങളോടെയെ സി.പി.എമ്മില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തിരുമാനമാകൂ. എന്‍. ഉണ്ണി (ഒന്ന്), വി. വേണുഗോപാല്‍ (ആറ്), കോട്ട അശോകന്‍ (ഒമ്പത്). സി.ഡി.എസ് അംഗം ലക്ഷ്മി (രണ്ട്), ഇ. അനില്‍കുമാര്‍ (മൂന്ന്), പി.ടി. സോമന്‍ (11), എന്‍. സാമിക്കുട്ടി (15) എന്നിവരുടെ കാര്യത്തില്‍ ഏറക്കുറെ തീരുമാനമായിട്ടുണ്ട്. നാലാം വാര്‍ഡില്‍ എം.പി. അശോകന്‍, വി.എം. ബാബു, 14ല്‍ സി.ഡി.എസ് അംഗം കെ.പി. ചന്ദ്രിക എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. മുസ്ലിം ലീഗിലും സ്ഥാനാര്‍ഥിനിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായി. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 13ാം വാര്‍ഡില്‍ സിറ്റിങ് മെംബര്‍ റസീന ഷാഫി, 18ല്‍ മുട്ടുംതലക്കല്‍ ഹഫ്സ എന്നിവര്‍ക്കാണ് സാധ്യത. ലീഗ് മത്സരിക്കുന്ന 19ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി അരങ്ങില്‍ കോളനിയിലെ അരങ്ങില്‍കുനി ശ്രീദേവിയെ പരിഗണിക്കുന്നുണ്ട്. ലീഗും ഈ കോളനിയില്‍നിന്നുതന്നെ ഒരു വനിതയെ മത്സരരംഗത്തിറക്കാനാണ് ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.