കോഴിക്കോട്: പുതിയ ദൂരവും വേഗവും ഉയരവും കുറിക്കാന്‍ കൗമാര താരങ്ങള്‍ ശനിയാഴ്ച ട്രാക്കിലേക്ക്. സ്കൂളുകളിലെ പരിമിതമായ പരിശീലനങ്ങളിലൂടെയും സ്വപ്രയത്നത്തിലൂടെയും നേടിയെടുത്ത ആത്മവിശ്വാസത്തില്‍ നാളെയുടെ താരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ മാറ്റുരക്കും. 14ാമത് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്കാണ് ശനിയാഴ്ച തുടക്കമാകുന്നത്. ആദ്യമായാണ് സിന്തറ്റിക് ട്രാക്കില്‍ ജില്ലാ കായികമേള നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 17 ഉപജില്ലകളില്‍നിന്ന് 96 ഇനങ്ങളിലായി 3900ത്തോളം കൗമാര കായികതാരങ്ങളാണ് മത്സരിക്കുന്നത്. 10 മണിക്ക് ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെ കായികമേള ആരംഭിക്കും. തുടര്‍ന്ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടവും നടക്കും. ശനിയാഴ്ച 12 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളും 32 ഇനങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും നടക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനല്‍ ശനിയാഴ്ചയാണ് നടക്കുന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെയും മറ്റു വിഭാഗങ്ങളിലെയും 100 മീറ്റര്‍ ഹീറ്റ്സും നടക്കും. ദേശീയ മീറ്റിന് പോയ ജില്ലയിലെ താരങ്ങള്‍ക്ക് ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ആദ്യ ദിനം നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ രണ്ടാം ദിവസം മീറ്റിന് പോയ വിദ്യാര്‍ഥികളെ പ്രത്യേകം ഓടിക്കും. ആദ്യ ദിവസത്തെ ഹീറ്റ്സ് ഇനങ്ങളില്‍ പങ്കെടുക്കാതെതന്നെ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ ദേശീയ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് നേരിട്ട് മത്സരിക്കാം. മേളയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് എം.കെ. രാഘവന്‍ എം.പി നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷത വഹിക്കും. താരങ്ങള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ഒൗദ്യോഗിക ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളജ് കാമ്പസ് എച്ച്.എസ്.എസിലാണ് ഭക്ഷണസൗകര്യം. മെഡിക്കല്‍ കോളജ് കാമ്പസ് എച്ച്.എസ്.എസിലും സേവിയോ എച്ച്.എസ്.എസിലുമായാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് വ്യക്തിഗത ട്രോഫിയും സബ്ജില്ലകള്‍ക്ക് ഓവറോള്‍ ട്രോഫിയും നല്‍കും. സമാപന സമ്മേളനം 30ന് മൂന്നുമണിക്ക് ഒളിമ്പ്യന്‍ പി.ടി. ഉഷ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.