തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസം പാളയത്ത്
എൽ.ഡി.എഫ് പ്രവർത്തകരുടെ കൊട്ടിക്കലാശത്തില്‍ നിന്ന്
കോഴിക്കോട്: ദേശമുണർത്തിയ ഒരു മാസത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊട്ടിക്കലാശത്തോടെ സമാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലെ തമ്മിലുരസലും നേരിയ സംഘർഷങ്ങളും ഒഴിച്ചുനിർത്തിയാൽ പൊതുവേ ശാന്തമായിരുന്നു പ്രചാരണക്കലാശം. ആവേശവും ആരവവും തീർത്ത ദിനങ്ങൾക്കുശേഷം ഇനി വോട്ടർമാരെ പരമാവധി പോളിങ് ബൂത്തുകളിലെത്തിക്കാനുള്ള വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണെങ്ങും. കോഴിക്കോട് തീരദേശ മേഖലയിലായിരുന്നു ആവേശക്കാഴ്ചകൾ കൂടുതലും കാണാനായത്. പാളയത്താണ് ഏറ്റവും വലിയ കൊട്ടിക്കലാശം നടന്നത്.
ജില്ലയിൽ ഉള്ള്യേരി, തിരുവമ്പാടി, വടകര വെള്ളികുളങ്ങര തുടങ്ങിയയിടങ്ങളിലാണ് കലാശക്കൊട്ടിനിടെ സംഘർഷം റിപ്പോർട്ട് ചെയ്തത്. ഉള്ള്യേരിയിൽ അഞ്ച് മണിയോടെയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇത് ഗതാഗതതടസ്സത്തിനും ആംബുലൻസ് സർവിസ് തടസ്സപ്പെടാനും ഇടയാക്കി. തിരുവമ്പാടി ബസ്‍സ്റ്റാൻഡിലെ കലാശക്കൊട്ട് സമാപനത്തിനിടെ ഒരു യു.ഡി.എഫ് പ്രവർത്തകന് മർദനമേറ്റു. കലാശക്കൊട്ട് സമാപിക്കേണ്ട സമയത്തിനുശേഷം ഇരു മുന്നണി പ്രവർത്തകരും പിരിഞ്ഞുപോകാത്തതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ഇവിടെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയുയർന്നു. വടകര വെള്ളികുളങ്ങരയിൽ കലാശക്കൊട്ടിനിടെ പ്രകടനങ്ങൾ മുഖാമുഖം വന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആർ.എം.പി, എൽ.ഡി.എഫ് പ്രകടനം മുഖാമുഖം എത്തിയത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടലിൽ സംഘർഷം ഒഴിവായി. ജാഥയിലുണ്ടായിരുന്ന പ്രവർത്തകർ തമ്മിൽ റോഡിൽ ഏറെ നേരം വാക്കേറ്റത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.