പ്രതീകാത്മക ചിത്രം 

ബൂത്തുകളിലേക്ക് 26,82,682 വോട്ടര്‍മാർ; ജനവിധിതേടി 6,328 സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ ബൂത്തുകളിലെത്തുക 26,82,682 വോട്ടര്‍മാര്‍ . 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജൻഡേഴ്സും ഉള്‍പ്പെടെയാണിത്. കോര്‍പറേഷന്‍ പരിധിയില്‍ 2,24,161 പുരുഷന്മാരും 2,51,571 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡേഴ്സും ഉള്‍പ്പെടെ 4,75,739 വോട്ടര്‍മാരുണ്ട്. ഏഴു നഗരസഭകളിലായി 1,53,778 പുരുഷന്മാരും 1,72,375 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡേഴ്സും ഉള്‍പ്പെടെ 3,26,156 വോട്ടര്‍മാരും 70 ഗ്രാമപഞ്ചായത്തുകളിലായി 8,88,436 പുരുഷന്മാരും 9,92,329 സ്ത്രീകളും 22 ട്രാന്‍സ്ജൻഡേഴ്സും ഉള്‍പ്പെടെ 18,80,787 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജില്ല പഞ്ചായത്തിലേക്ക് 111, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 604, ഗ്രാമപഞ്ചായത്തുകളിലേക്ക് 4424, കോര്‍പറേഷനിലേക്ക് 326, നഗരസഭകളിലേക്ക് 863 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.

വോട്ടുയന്ത്രങ്ങളുടെ വിതരണം ഇന്ന്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തിലേക്ക് മൂന്ന് ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും പോളിങ് സാമഗ്രികളുമാണ് വിതരണം ചെയ്യുക. നഗരസഭകളിലേക്കും കോര്‍പറേഷനിലേക്കും ഒരു ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും പോളിങ് സാമഗ്രികളുമാണ് വിതരണം ചെയ്യുക. ജില്ലയില്‍ വോട്ടു യന്ത്രങ്ങളുടെ ക്രമീകരണം ഡിസംബര്‍ ഏഴോടെ പൂര്‍ത്തിയായിരുന്നു. 20 കേന്ദ്രങ്ങളില്‍നിന്നാണ് കോര്‍പറേഷനിലേക്കും ജില്ല പഞ്ചായത്തിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വിതരണം.

പോളിങ് ബൂത്തിലെ നടപടികൾ

വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിങ് ഓഫിസറുടെ അടുത്താണ് ആദ്യം എത്തേണ്ടത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിങ് ഓഫിസര്‍ക്ക് നല്‍കണം. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തി രണ്ടാം പോളിങ് ഓഫിസറുടെ അടുത്തേക്ക് വിടും. മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന് പോളിങ് ഓഫിസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും. വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിങ് ഓഫിസര്‍ വോട്ടിങ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാന്‍ സമ്മതിദായകനെ അനുവദിക്കും.

ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിേന്റത് പിങ്ക് നിറത്തിലും ജില്ല പഞ്ചായത്തിേൻറത് ആകാശനീല നിറത്തിലുമായിരിക്കും. വോട്ടിങ് നടപടിക്രമത്തെക്കുറിച്ച് വോട്ടര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍ പോളിങ് ഉദ്യോഗസ്ഥരുമായി പങ്കുവെക്കാം. നഗരസഭകളില്‍ ഒരു ബാലറ്റ് യൂനിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ്. ആറു മണിക്ക് വരിയില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

നോട്ട ഇല്ല; എന്‍ഡ് ബട്ടണ്‍ അമര്‍ത്താം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട രേഖപ്പെടുത്താന്‍ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ജില്ല പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള ‘എന്‍ഡ് ബട്ടണ്‍’ ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം ‘എന്‍ഡ് ബട്ടണ്‍’ അമര്‍ത്താനും അവസരമുണ്ട്.

വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനായി പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫിസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ), കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.

പോളിങ് സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

വോട്ടെടുപ്പ് ദിവസത്തില്‍ പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തെരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫിസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനമുള്ളൂ. പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ് ഇതിനുള്ള പൂര്‍ണ അധികാരവും ഉത്തരവാദിത്തവും.

Tags:    
News Summary - 26,82,682 voters in district; 6,328 candidates sought votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.