ജനവിധി ഇന്ന് ബൂത്തിൽ

കോഴിക്കോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ എല്ലാ സന്നാഹങ്ങളും സജ്ജമായി. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ പോളിങ് പ്രക്രിയക്ക് തുടക്കമാവും. ആറു മണിക്ക് ഹാജരുള്ള സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറു മണിവരെ പോളിങ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

ആറുമണിക്ക് ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം പ്രിസൈഡിങ് ഓഫിസര്‍ ഒപ്പിട്ട സ്ലിപ് നല്‍കും. ഏറ്റവും അവസാനത്തെയാള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നല്‍കുക. വരിയിലുള്ള എല്ലാവരും വോട്ട് ചെയ്തു കഴിയുന്നത് വരെ വേട്ടെടുപ്പ് തുടരും. ജില്ലയില്‍ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 26,82,682 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.

വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടും. ത്രിതല പഞ്ചായത്തുകളിലേക്ക് ഒരു കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളുമാണ് ഉണ്ടാവുക. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും ജില്ല പഞ്ചായത്തിന്റേത് ആകാശനീല നിറത്തിലുമായിരിക്കും. നഗരസഭകളില്‍ ഒരു ബാലറ്റ് യൂനിറ്റ് മാത്രമാണുണ്ടാവുക.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തെരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തെരിച്ചറിയല്‍ രേഖ), കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫിസ് തെരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകള്‍ വോട്ട് ചെയ്യാന്‍ ഉപയോഗപ്പെടുത്താം.

വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തെരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തെരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫിസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. 

Tags:    
News Summary - kozhikode local body election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.