മുക്കം നഗരസഭയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സുബ്രഹ്മണ്യനും സൽപ്പായയും
മുക്കം: കേരളത്തിൽ സ്ഥിരതാമസമാക്കി നാലര പതിറ്റാണ്ടായെങ്കിലും ഇതുവരെ കേരളത്തിൽ വോട്ട് ചെയ്യാനാവാത്ത സങ്കടം ഇത്തവണ തീർന്ന സന്തോഷത്തിലാണ് മുക്കം നഗര സഭയിലെ പതിനാലാം വാർഡിൽ വോട്ട് ചെയ്ത തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യനും ഭാര്യ സൽപ്പായയും. തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽനിന്ന് 45 വർഷങ്ങൾക്ക് മുമ്പ് മുക്കം നഗരസഭയിലെത്തിയതാണ് സുബ്രഹ്മണ്യനും സൽപായയും. ആക്രി പെറുക്കലായിരുന്നു ജോലി.
പിന്നെ വെള്ളാരം കുന്നു ഭാഗത്ത് സ്ഥിര താമസമാക്കി. റേഷൻ കാർഡോ, മറ്റു രേഖകളോ ലഭ്യമാവാത്തതിനാൽ വോട്ടുണ്ടായിരുന്നില്ല. ഒന്നര വർഷം മുമ്പ് കാർഡ് ലഭിച്ചതോടെ വോട്ട് ചേർത്തു. ഇവരുടെ രണ്ടു പെൺകുട്ടികളും വിവാഹിതരായി തമിഴ് നാട്ടിൽ തന്നെയാണ് താമസം. പ്രായത്തിന്റെ അവശത മൂലം ഇപ്പോൾ ജോലിക്കു പോകാനാവുന്നില്ലെങ്കിലും ഇവർ ഈ നാട് വിട്ടു പോയിട്ടില്ല. നാല്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം മുക്കം നഗരസഭയിലെ പതിനാലാം ഡിവിഷനിലെ പോളിങ് ബൂത്തിൽ വെച്ച് കൈവിരലിൽ മഷി പുരണ്ടപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു ഈ ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.