ആസ്വാദകര്‍ക്ക് നവ്യാനുഭവമായി ഗോട്ടിപ് വാ നൃത്തം

കോഴിക്കോട്: പെണ്‍വേഷം കെട്ടിയ കുസൃതിക്കണ്ണന്മാര്‍ നിറഞ്ഞാടിയപ്പോള്‍ അത് ആസ്വാദകരിലും അദ്ഭുതമുയര്‍ത്തി. സ്പിക്മാകെയുടെ ആഭിമുഖ്യത്തില്‍ പ്രോവിഡന്‍സ് വിമന്‍സ് കോളജില്‍ അവതരിപ്പിച്ച ഒഡിഷയിലെ പ്രാചീന നൃത്തകലാരൂപമായ ‘ഗോട്ടിപ്വാ’യാണ് ആസ്വാദകര്‍ക്ക് പുതുവിരുന്നൊരുക്കിയത്. പ്രാചീനകാലത്ത് ഒഡിഷയില്‍ ദേവദാസിമാര്‍ ദൈവഭക്തിയില്‍ കൃഷ്ണാവതാരം പുരി ജഗന്നാഥക്ഷേത്രങ്ങളില്‍ ആടിയ നൃത്തത്തിന്‍െറ പ്രതിരൂപമാണിത്. മുഗള്‍ഭരണകാലത്ത് ഇത് ആണ്‍കുട്ടികള്‍ക്ക് മാത്രമാടാനുള്ളതായി മാറി. ഒറിയ ഭാഷയില്‍ ‘ഗോട്ടി’ എന്നാല്‍ ‘ഒരു’ എന്നും ‘പ്വാ’ എന്നാല്‍ ‘ആണ്‍കുട്ടി’ എന്നുമാണ് അര്‍ഥം. ആദ്യകാലങ്ങളില്‍ ഒരുകുട്ടി മാത്രം അവതരിപ്പിച്ചിരുന്ന ഗോട്ടിപ്വാ പിന്നീട് നിരവധി മാറ്റങ്ങളോടെ സംഘനൃത്തമായി മാറി. പഞ്ചദേവ സ്തുതിയില്‍ തുടങ്ങി പല്ലവി, യോഗ, അഭിനയം, ബാന്ധവം എന്നിവയിലൂടെ അവസാനിക്കുന്ന നൃത്തത്തില്‍ എട്ടോളം കലാകാരന്മാര്‍ പങ്കാളികളായി. ഒഡിഷയിലെ കൊണാര്‍ക് നാട്യമണ്ഡപത്തിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇവരില്‍ ഏറ്റവും പ്രായംകുറഞ്ഞ ലിഥു സാമന്തറായിക്ക് ഒമ്പത് വയസ്സാണ്. ഗുരു ജയകൃഷ്ണ നായകാണ് പശ്ചാത്തല സംഗീത മൊരുക്കിയത്. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ മാത്രമേ നൃത്തം ചെയ്യാന്‍ പാടുള്ളൂ എന്നതാണ് ഇതിന്‍െറ പ്രത്യേകത. സ്പിക്മാകെ സംഘടനാ കോഓഡിനേറ്റര്‍ ഉണ്ണിവാര്യര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.