കൂടത്തായിയിലെ തോല്‍വി : ലീഗിന്‍െറ അച്ചടക്ക നടപടിക്കെതിരെ യൂത്ത്ലീഗ്

താമരശ്ശേരി: തദ്ദേശതെരഞ്ഞെടുപ്പില്‍ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്‍െറ കാരണം ചില വ്യക്തികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് കൂടത്തായ് വാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എം.എസ്.എഫ് കൊടുവള്ളിമണ്ഡലം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ജീലാനി, റഫീഖ് സക്കരിയ ഫൈസി, സി.എച്ച് സെന്‍റര്‍ സെക്രട്ടറി എ.കെ. ബഷീര്‍ എന്നിവരെ സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതും വാര്‍ത്ത പ്രസിദ്ധീകരിച്ചതും വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ്. വ്യക്തിവിരോധം തീര്‍ക്കാന്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ ദുരുപയോഗംചെയ്താല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ടുതന്നെ നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് എ.കെ. മജീദ് അധ്യക്ഷത വഹിച്ചു. കെ.കെ. ജലീല്‍, ഒ.പി. ഷനാസ്, പി.പി. സിറാജ്, കെ.കെ. ഷംസാദ് എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗിന്‍െറ കോട്ടയായി കരുതുന്ന കൂടത്തായി ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥി തോറ്റത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിവിട്ട് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കെ.പി. കുഞ്ഞഹമ്മദ് വിജയക്കൊടി പാറിച്ചതാണ് പാര്‍ട്ടിക്ക് കടുത്ത ക്ഷീണം വരുത്തിവെച്ചത്. മുസ്ലിം ലീഗിന്‍െറ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്ന കുഞ്ഞഹമ്മദ്, ലീഗിന്‍െറ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗത്തിന്‍െറ പ്രദേശമാണ് കൂടത്തായ്. ഇദ്ദേഹത്തിന്‍െറ ചില നടപടികള്‍ പ്രദേശത്തെ മുസ്ലിം ലീഗണികള്‍ക്കുള്ളില്‍ ഭിന്നിപ്പുണ്ടാകാനിടയാക്കിയത്രെ. പ്രദേശത്തെ ലീഗിലെ തലമുതിര്‍ന്ന നേതാക്കളെ ഒതുക്കാനായി ചിലര്‍ നടത്തിയ നീക്കമാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതെന്ന വിലയിരുത്തലുമുണ്ട്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മേല്‍കമ്മിറ്റിയോട് ശിപാര്‍ശ ചെയ്യാന്‍ കൂടത്തായിയില്‍ ചേര്‍ന്ന വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. കൂടത്തായ് വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്‍െറ പേരില്‍ എം.എസ്.എഫ് കൊടുവള്ളിമണ്ഡലം ജന. സെക്രട്ടറി ജീലാനിക്കെതിരെ നടത്തുന്ന ഗൂഢനീക്കത്തില്‍ എം.എസ്.എഫ് കൊടുവള്ളിമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്‍റ് പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. ജാസിം, എം.കെ.സി. അബ്ദുറഹ്മാന്‍, ഷരീഫ് താമരശ്ശേരി, ഹസീബ് കട്ടിപ്പാറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.