കൊടുവള്ളിയില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍; സംസ്ഥാന പ്രസിഡന്‍റിന് പരാതി

കൊടുവള്ളി: സ്ഥാനാര്‍ഥിത്വവും ജയപരാജയങ്ങളും ഉയര്‍ത്തിക്കാട്ടി കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരാതിയുമായി പ്രവര്‍ത്തകര്‍ രംഗത്ത്. വിവിധ ഡിവിഷന്‍ കമ്മിറ്റികളും സജീവപ്രവര്‍ത്തകരുമാണ് നഗരസഭ-മണ്ഡലം കമ്മിറ്റിക്കെതിരെ പരാതിയുമായി സംസ്ഥാനനേതൃത്വത്തെ സമീപിച്ചത്. 36 ഡിവിഷനുകളുള്ള കൊടുവള്ളിയില്‍ ലീഗ് 23 സീറ്റിലാണ് മത്സരിച്ചത്. ഒരു സ്വതന്ത്രയടക്കം 15 സീറ്റുകളില്‍ വിജയംനേടി. ലീഗിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ പലരും കഷ്ടിച്ചാണ് ജയിച്ചുകയറിയത്. ഉറച്ചസീറ്റുകള്‍ പലതും നഷ്ടപ്പെട്ടു.നഗരസഭാഭരണം യു.ഡി.എഫിന് ലഭിച്ചെങ്കിലും നേതൃത്വത്തിന്‍െറ നിലപാടുകളെ ചോദ്യംചെയ്താണ് പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. വാവാട് രണ്ടാം ഡിവിഷനില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനിടയാക്കിയതെന്നാണ് പ്രാദേശികനേതൃത്വം പറയുന്നത്. ഡിവിഷന്‍ കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിചിഹ്നം അനുവദിക്കാന്‍ മണ്ഡലംനേതൃത്വം തയാറായില്ളെന്നും തോല്‍വിക്ക് കാരണക്കാര്‍ മണ്ഡലം നേതൃത്വമാണെന്നും ആരോപിച്ചാണ് ഇവര്‍ നേതൃത്വത്തെ സമീപിക്കുന്നത്.നിലവിലെ നഗരസഭാ കമ്മിറ്റി തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുക്കുന്നതെന്നും പുതിയ കമ്മിറ്റിക്ക് രൂപംനല്‍കണമെന്നും ആരോപണവിധേയരായവരെ പാര്‍ട്ടി-ഭരണസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകീട്ട് പാണക്കാടുചെന്ന് സംസ്ഥാന പ്രസിഡന്‍റിനെ കണ്ട് പരാതിനല്‍കി. അന്നേദിവസംതന്നെ കൊടുവള്ളി ടൗണ്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി യോഗംചേര്‍ന്ന് പ്രസിഡന്‍റ് ബി.സി. ബഷീറിനെ സ്ഥാനത്തുനിന്ന് മാറ്റി. ഇദ്ദേഹത്തിന്‍െറ അഭാവത്തില്‍ ചേര്‍ന്ന യോഗത്തിലാണത്രെ ബഷീറിനെ മാറ്റി പുതിയ പ്രസിഡന്‍റിനെ നിശ്ചയിച്ചത്. പാര്‍ട്ടിപ്രവര്‍ത്തനം സുഗമമാക്കാനെന്ന പേരിലാണത്രെ തീരുമാനം. എന്നാല്‍, ഇവിടെ മത്സരിച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിച്ചാണത്രെ പാര്‍ട്ടി സ്ഥാനത്തുനിന്ന് ബഷീറിനെ മാറ്റിയതെന്നാണ് അണിയറസംസാരം. അഴിമതിക്കാരും ആരോപണവിധേയരായവരുമുള്‍പ്പെടെയുള്ളവര്‍ക്ക് ഭരണത്തില്‍ സ്ഥാനമാനങ്ങള്‍ നല്‍കരുതെന്നുകാണിച്ച് മറ്റൊരു വിഭാഗവും സംസ്ഥാനനേതൃത്വത്തെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു. ഇതോടെ, നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്. നഗരസഭാ യു.ഡി.എഫ് കമ്മിറ്റിയും മുസ്ലിം ലീഗ് കമ്മിറ്റിയും പരിചയസമ്പന്നരായവരെ മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന കൊടുവള്ളിയിലെ മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനനേതൃത്വം അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.