ഇന്ത്യയുടെ ‘കേരള’ ടീമിന് കൈയടിച്ച് കോഴിക്കോട്ടുകാര്‍

കോഴിക്കോട്: ശനിയാഴ്ച കടപ്പുറത്തെ മണല്‍പ്പരപ്പില്‍ തീപാറിയ മത്സരം ഏതാണെന്നു ചോദിച്ചാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഒരു ഉത്തരം മാത്രമേ ഉണ്ടാകൂ. വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം സെമിയില്‍ കുന്ദമംഗലം സ്വദേശിനി കെ.പി. ആതിരയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനി വി.എ. അശ്വതിയും ചേര്‍ന്ന് ശ്രീലങ്കയുടെ നിരോഷ-സിരിവര്‍ധന സഖ്യത്തെ തറപറ്റിച്ച മത്സരം. ആദ്യസെമിയില്‍ ചേളന്നൂര്‍ സ്വദേശിനിയായ എ. ശ്രുതിയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ കെ.എ. ഷഹാനയും ശ്രീലങ്കയുടെ ‘എ’ ടീമിനോട് പരാജയപ്പെട്ടെങ്കിലും ഗാലറിയിലെ ആരവങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ആദ്യസെമിയില്‍ 9-21, 15-21 എന്ന സ്കോറിനാണ് ശ്രുതി-ഷഹാന സഖ്യം കരുത്തരായ ശ്രീലങ്ക ‘എ’ ടീമിനോട് പരാജയപ്പെട്ടത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ ആതിര-അശ്വതി സഖ്യം ശ്രീലങ്കന്‍ ‘ബി’ ടീമിനെ 22-20, 21-18 സ്കോറിന് പരാജയപ്പെടുത്തി വിജയം തിരിച്ചുപിടിച്ചു. ഇരുടീമുകള്‍ക്കും ഒരോ ജയവുമായി മത്സരം സമനിലയിലായതോടെയാണ് ഗോള്‍ഡന്‍ മാച്ചിലേക്ക് കടന്നത്. ഗോള്‍ഡന്‍ മാച്ചില്‍ ‘എ’ ടീമില്‍നിന്ന് ഷഹാനയും ‘ബി’ ടീമില്‍നിന്ന് ആതിരയും ഇറങ്ങിയപ്പോഴും കോഴിക്കോട്ടുകാര്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, 21-6, 21-10 സ്കോറിന് പരാജയപ്പെട്ട് സെമി കാണാതെ പുറത്താകാനായിരുന്നു മലയാളിതാരങ്ങള്‍ മാത്രമുള്ള ഇന്ത്യന്‍ ‘കേരള’ ടീമിന്‍െറ വിധി. കാണികളുടെ ഉറച്ചപിന്തുണയാണ് മൂന്നു മത്സരങ്ങളും വീറുറ്റതാക്കിയത്. ആതിരയും അശ്വതിയും ഷഹാനയും ശ്രുതിയും ഒരോ സ്മാഷ് ഉതിര്‍ക്കുമ്പോഴും ഗാലറിയില്‍നിന്ന് നിര്‍ത്താതെ കൈയടികളുയര്‍ന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ശ്രീലങ്കന്‍ ടീം പോയന്‍റ് നേടുമ്പോഴും പോയന്‍റ് വീണ്ടെടുക്കാന്‍ മലയാളിതാരങ്ങള്‍ക്ക് ഗാലറിയിലെ പിന്തുണ കരുത്തായി. അശ്വതി ബത്തേരി സെന്‍റ്മേരീസ് കോളജിലെ പി.ജി വിദ്യാര്‍ഥിനിയാണ്. കുന്ദമംഗലം പിലാശ്ശേരി സ്വദേശിനിയായ ആതിരയും ചേളന്നൂര്‍ സ്വദേശിനിയായ ശ്രുതിയും കണ്ണൂര്‍ വി.കെ. കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളജിലാണ് പഠിക്കുന്നത്. കാരന്തൂര്‍ പാറ്റേണ്‍ വോളിക്ളബിലൂടെ കളിപഠിച്ച ആതിര കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ താരമാണ്. കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസ് ബീച്ച് വോളിയില്‍ ജേതാക്കളായ ടീമിലെ അംഗമായിരുന്ന ഷഹാന കെ.എസ്.ഇ.ബിയുടെ താരമാണ്. കെ.എസ്.ഇ.ബിയെ പ്രതിനിധാനംചെയ്്ത് ആസ്ട്രേലിയയില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബീച്ച് വോളിയില്‍ ഫൈനലില്‍ എത്താനായില്ളെങ്കിലും സ്വന്തംനാട്ടില്‍ കരുത്തരായ ശ്രീലങ്കയോട് മികച്ചകളി പുറത്തെടുക്കാനായതിന്‍െറ ആവേശത്തിലാണ് നാലുപേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.