വേളത്ത് വീണ്ടും തീവെപ്പ്; കാറിന് പിന്നാലെ ബൈക്കുകളും കത്തിച്ചു

കുറ്റ്യാടി: നാട്ടുകാരെയും പൊലീസിനെയും അമ്പരപ്പിച്ച് വേളം ശാന്തിനഗറില്‍ രണ്ടാംദിവസവും തീക്കളി. ഞായറാഴ്ച പുലര്‍ച്ചെ മാരുതി സ്വിഫ്റ്റ് കാര്‍ അഗ്നിക്കിരയാക്കിയ അരിങ്കിലോട്ട് സലീമിന്‍െറ വീട്ടിലെ രണ്ടു ബൈക്കുകളും കത്തിച്ചു. സലീമിന്‍െറ മകന്‍ ജുനൈദിന്‍െറ ലക്ഷത്തിലധികം രൂപ വിലവരുന്ന ഹീറോ മോട്ടോര്‍സൈക്കിള്‍, സഹോദരിയുടെ മകള്‍ ലൈലയുടെ 60,000 രൂപ വിലയുള്ള ആക്ടിവ സ്കൂട്ടര്‍ എന്നിവയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് കത്തിച്ചത്. ഞായറാഴ്ചത്തെ തീവെപ്പ് സംഭവമറിഞ്ഞ് പൂമുഖത്തെ പടിക്കല്‍ വീട്ടില്‍നിന്ന് വന്നതായിരുന്നു ലൈല. പുലര്‍ച്ചെ രണ്ടിന് ബൈക്കുകള്‍ കത്തുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും രണ്ടും നിശ്ശേഷം കത്തിനശിച്ചിരുന്നു. തീപടര്‍ന്ന് വീട്ടുവരാന്ത മുഴുവന്‍ കരിപിടിച്ചു. സീലിങ്ങിലെ സിമന്‍റ് അടര്‍ന്നു. കസേരകള്‍ ഉരുകിപ്പോയി. നാദാപുരം ഡിവൈ.എസ്.പി എം.കെ. പ്രേംദാസ്, എസ്.ഐ എ. സായൂജ്കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി. ബൈക്കുകള്‍ കത്തിച്ച സംഭവത്തിലും കേസെടുത്തു. വിരലടയാള വിദഗ്ധരെയും പൊലീസ് നായയെും വരുത്തി തെളിവെടുത്തു. നായ വീട്ടിന്‍െറ പിന്‍ഭാഗത്തുകൂടി ഓടിയശേഷം കുറ്റ്യാടി ഭാഗത്തേക്കുള്ള റോഡില്‍പോയി നിന്നു. പൊട്രോള്‍ കൊണ്ടുവന്നു എന്നു കരുതുന്ന ഒരു ബോട്ടില്‍ മണത്താണ് നായ ഓടിയത്. കാര്‍ കത്തിക്കാനും പെട്രോള്‍ കൊണ്ടുവന്നിരുന്നു. വീട്ടുടമ സലീം ഷാര്‍ജയിലാണ്. ഇദ്ദേഹംപോയി രണ്ടാംദിവസമാണ് തീവെപ്പ് സംഭവം. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വന്‍തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളില്‍പോലും രണ്ടുദിവസം തുടര്‍ച്ചയായി തീവെപ്പുണ്ടായ സംഭവമുണ്ടായിട്ടില്ല. കെ.കെ. ലതിക എം.എല്‍.എ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി. അമ്മദ് മാസ്റ്റര്‍, വിവിധ പാര്‍ട്ടികളുടെ പ്രാദേശികനേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലത്തെി.പ്രതികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് സമാധാനം തകര്‍ക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണമെന്നും ആവശ്യപ്പെട്ടു. ശാന്തിനഗറില്‍ നടന്ന സര്‍വകക്ഷി പ്രതിഷേധയോഗം കെ.കെ. ലതിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിനിടെ, കൃത്യംചെയ്തതില്‍ ഒന്നിലധികം പേരുണ്ടെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും എസ്.ഐ. സായൂജ്കുമാര്‍ പറഞ്ഞു. ഇവര്‍ ഉടന്‍ അറസ്റ്റിലാവുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.