ഡി.പി.ഐ സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ സ്കൂള്‍ യൂനിഫോമില്‍ അഴിച്ചുപണി വരും

കോഴിക്കോട്: ഇറുകിയതും ശരീരത്തിന് ഹാനികരവുമായ സ്കൂള്‍ യൂനിഫോം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ജില്ലയിലെ പല പ്രമുഖ സ്കൂളുകള്‍ക്കും വിനയാകും. സ്കൂളുകളില്‍ വിദ്യാര്‍ഥി-വിദ്യാഥിനികള്‍ക്കായി നിഷ്കര്‍ഷിക്കുന്ന വസ്ത്രങ്ങള്‍ ഇറുക്കമുള്ളതോ ശരീരത്തിന് ഹാനികരമോ ആകരുതെന്നും കേരളത്തിലെ കാലാവസ്ഥക്കും സംസ്കാരത്തിനും അനുയോജ്യമായിരിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും കര്‍ശനമായി ഉറപ്പുവരുത്തണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്കൂളധികൃതര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍െറ ഉത്തരവുപ്രകാരമാണ് ഡി.പി.ഐ പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. വിദേശരാജ്യങ്ങളിലെയും മറ്റു തണുപ്പുള്ള സ്ഥലങ്ങളിലെയും വസ്ത്രധാരണം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് അനുയോജ്യമല്ല. ഓവര്‍കോട്ടും ടൈയുമാണ് ജില്ലയിലെ പല സ്കൂളുകളിലെയും യൂനിഫോം. ഇത്തരം ഇറുകിയ വസ്ത്രധാരണം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരുപോലെ ചര്‍മരോഗങ്ങള്‍ക്കിടയാക്കുന്നുവെന്നാണ് പഠനം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെല്ലാം ഡി.പി.ഐ സര്‍ക്കുലറിന് വിരുദ്ധമായ യൂനിഫോമാണുള്ളത്. രക്ഷിതാക്കള്‍ യോജിച്ചെങ്കിലും കുട്ടികളില്‍ കടുത്ത ശാരീരികപ്രയാസങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് മനുഷ്യാവകാശ കമീഷന് ലഭിച്ച പരാതി. ഓവര്‍കോട്ടും ടൈയും ശരീരത്തിന് ചൂടും വിങ്ങലുമാണ് ഉണ്ടാക്കുന്നത്. മഴക്കാലത്ത് നനഞ്ഞുകഴിഞ്ഞാല്‍ ഉണങ്ങാന്‍ പ്രയാസമായതിനാല്‍ വൈകുന്നേരംവരെ ക്ളാസുകളില്‍ നനഞ്ഞിരിക്കണം. യൂനിഫോം ചൊറിച്ചിലടക്കം ത്വഗ്രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് ഒരു പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനി പറഞ്ഞു. ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ക്കെല്ലാം കര്‍ശന നിര്‍ദേശമുണ്ട്. സര്‍ക്കുലറിന് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുന്നവരെ വിലക്കേണ്ടതും ശിക്ഷാനടപടികള്‍ കൈക്കൊള്ളേണ്ട ചുമതലയും ഇവര്‍ക്കാണ്. ഉത്തരവ് ഇറങ്ങിയെന്നല്ലാതെ തുടര്‍നടപടികളൊന്നും ഡി.ഡി.ഇ ഓഫിസ് കൈക്കൊണ്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.