തൊടുപുഴ: കുടയത്തൂർ ലൂയി ബ്രെയിൽ സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ നിയമനങ്ങൾ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിരസിക്കുന്നുവെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (കെ.എഫ്.ബി) നേതൃത്വത്തിൽ തൊടുപുഴ ഡി.ഇ.ഒ ഓഫിസിലേക്ക് നടത്തിയ പ്രകടനത്തിൽ പ്രതിഷേധം ഇരമ്പി. 'സഹതാപമല്ല, സഹകരണമാണ് വേണ്ടത്' മുദ്രാവാക്യമുയർത്തി വനിതകൾ ഉൾപ്പെടെ നൂറ്റമ്പതോളം അംഗങ്ങൾ പ്രകടനത്തിലും ധർണയിലും പങ്കെടുത്തു. തൊടുപുഴ മുനിസിപ്പൽ പാർക്കിന് സമീപത്തുനിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ഡി.ഇ.ഒ ഓഫിസിന് മുന്നിൽ നടന്ന ധർണ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി സംസ്ഥാന പ്രസിഡൻറ് കെ.ജെ. വർഗീസ്, വൈസ് പ്രസിഡൻറുമാരായ ജെയ്സൺ തോമസ്, ഡോ. സി. ഹബീബ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ എ. സക്കീർ, ജി. മണികണ്ഠൻ, ജന. സെക്രട്ടറി ഇൻ ചാർജ് സജീവൻ, ജില്ല പ്രസിഡൻറ് സി.ഐ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ മേട്രൻ, വാച്ച്മാൻ, പ്രധാനാധ്യാപകൻ, ഹിന്ദി അധ്യാപകൻ, താൽക്കാലിക അധ്യാപകർ എന്നീ നിയമനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. മേട്രൻ തസ്തികയിൽ ജോലി ചെയ്തിരുന്ന വ്യക്തി രാജിവെച്ചതിനെത്തുടർന്ന് പകരം നടത്തിയ നിയമനത്തിൽ ഡി.ഇ.ഒ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായ അതൃപ്തി ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് നിയമനം നിരസിക്കുന്നതെന്നും ഫെഡറേഷൻ അംഗങ്ങൾ ആരോപിച്ചു. അന്ധവിദ്യാലയത്തിലെ മേട്രൻ നിയമനം തൊടുപുഴ വിദ്യാഭ്യാസ ഓഫിസ് അധികൃതർ അംഗീകരിക്കാത്തതിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റെല്ലാ അന്ധവിദ്യാലയങ്ങളിലുമുള്ള തസ്തികകളായ മെയിൽ ഗൈഡ്, പ്യൂൺ, ക്രാഫ്റ്റ് ടീച്ചർ, മ്യൂസിക് ഇൻസ്ട്രമെൻറ് ടീച്ചർ, സ്വീപ്പർ, അഡീഷനൽ കുക്ക്, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ തുടങ്ങിയ തസ്തികകൾ സ്കൂളിന് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.