കാട്ടാന ശല്യം നേരിടാൻ ​പ്രത്യേക സേനയുണ്ടാക്കി ആദിവാസി യുവാക്കൾ

അടിമാലി: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന ശല്യം തുടരുന്നതിനിടെ ഇവയെ വിരട്ടാനും വഴി തിരിച്ചുവിടാനുമായി യുവാക്കളുടെ നേതൃത്വത്തിൽ 'ആദിവാസി സേന'. കൃഷി നശിപ്പിച്ചും ജനങ്ങളെ ഉപദ്രവിച്ചും കൊന്നും കാട്ടാനകൾ വിഹരിക്കുന്നത് നേരിടാൻ വനംവകുപ്പ് നടപടികൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ആദിവാസി യുവാക്കൾ സംഘടിച്ചത്. അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിലാണ് ഇൗ നീക്കം. അടിമാലി കൊരങ്ങാട്ടിയിലാണ് കാട്ടാനക്കൂട്ടങ്ങളെ നേരിടാന്‍ പ്രത്യേക സേന പ്രവർത്തനം ആരംഭിച്ചത്. മറ്റ് കുടികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ആദിവാസി സംഘടനകൾ പറഞ്ഞു. 15ഓളം യുവാക്കൾ രാത്രികാലങ്ങളിലാണ് കാട്ടാനയെ തുരത്താന്‍ കാവലിരിക്കുന്നത്. വരയാടിന്‍ മുടി ഭാഗത്തുനിന്ന് അഞ്ച് മുതല്‍ 15 വരെ കാട്ടാനകളാണ് കോളനിയില്‍ എത്തുന്നത്. വീടുകള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന കാട്ടാനകള്‍ തെങ്ങും കവുങ്ങും നശിപ്പിക്കുകയും മരച്ചീനി ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയും ആനകൾ കൊരങ്ങാട്ടിയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. തോട്ടങ്ങളില്‍ ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനുകളും വ്യാപകമായി തകര്‍ത്തു. ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ റബര്‍ മരങ്ങള്‍ നശിപ്പിച്ചിരുന്നു. ആനക്കൂട്ടത്തെ തുരത്താന്‍ വനപാലകര്‍ കഠിന പ്രയത്‌നം നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല. ആനകള്‍ക്ക് പിന്നാലെ കാട്ടിലൂടെ നടക്കാനല്ലാതെ മറ്റൊന്നിനും ഇവര്‍ക്ക് കഴിയുന്നില്ല. പടക്കം പൊട്ടിച്ച് ആനകളെ തുരത്താനിറങ്ങുന്ന വനപാലകരുടെ ജീവന്‍ പോലും അപകടത്തിലാണ്. ബൈസണ്‍വാലി, കുരിശുപാറ, ലക്ഷ്മി, ചിന്നക്കനാല്‍, മറയൂര്‍, ശാന്തന്‍പാറ, മാങ്കുളം, മൂന്നാര്‍ പഞ്ചായത്തുകളിലാണ് കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.