മഴ കുറഞ്ഞിട്ടും ഒഴിയാതെ വെള്ളം

വൈക്കം: മഴ കുറഞ്ഞിട്ടും മൂവാറ്റുപുഴയാറിൽ വെള്ളം കുറയാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. മഴ ശക്തമായപ്പോൾ മുങ്ങിത്താഴ്ന്ന വെള്ളൂർ പഞ്ചായത്ത് കരകയറി വരുമ്പോൾ തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി പുരം, വെച്ചൂർ, തലയാഴം പഞ്ചായത്തുകൾ വെള്ളപ്പൊക്കക്കെടുതിയിൽ വലയുകയാണ്. ഉദയനാപുരം പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. വീടുകളെല്ലാം മുങ്ങിയതോടെ നാട്ടുകാർ ഒന്നാകെ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പഞ്ചായത്തിലെ പനമ്പുകാട്, തേനാമിറ്റം, വൈക്കപ്രയാർ, പടിഞ്ഞാേറക്കര, വാഴമന, കൊടിയാട് ഭാഗങ്ങളാണ് ഒറ്റപ്പെട്ടത്. തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ മേഖല നേർദിശയിലെത്തണമെങ്കിൽ ഇനി മാസങ്ങളോളം കാത്തിരിക്കണം. പല സ്ഥലങ്ങളിലും വീടുകൾ വെള്ളത്തിൽ ഒഴുകിപ്പോയ അവസ്ഥയുമുണ്ട്. മൂവാറ്റുപുഴയാറിൽ വെള്ളം കൂടുമ്പോൾ അതനുസരിച്ച് വേലിയേറ്റം മൂലം കായലിലേക്ക് വെള്ളം ഇറങ്ങിപ്പോകാത്തതാണ് ഇപ്പോൾ വൈക്കം ടൗണിനെയും വെച്ചൂർ, തലയാഴം, ടി.വി പുരം പഞ്ചായത്തുകളെയും ബാധിച്ചിരിക്കുന്നത്. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിൽ നാലായിരം ഏക്കറോളം നെൽകൃഷി നശിച്ച സ്ഥതിയാണ്. വൈക്കം ബോട്ട്ജെട്ടിയും ബീച്ചുമെല്ലാം വെള്ളത്തിൽ മുങ്ങി. വൈക്കത്തുനിന്ന് ദീർഘദൂര ബസുകളൊന്നും പോകുന്നില്ല. തലയോലപ്പറമ്പ്-വൈക്കം റോഡ് വെള്ളത്തിൽ മുങ്ങിത്തന്നെ കിടക്കുകയാണ്. വൈക്കം-എറണാകുളം റോഡിൽ ഇത്തിപ്പുഴ പാലത്തിൽ വീണ്ടും കുഴി രൂപപ്പെട്ടതും പാലത്തിനുതാഴെ റോഡിൽ വെള്ളം കയറിക്കിടക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തി. സ്വകാര്യ ബസുകൾ സർവിസ് നിർത്തി. കെ.എസ്.ആർ.ടി.സി ചേർത്തല, ആലപ്പുഴ, കല്ലറ വഴി മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് ഒന്നിലധികം സർവിസ് നടത്തുന്നതു മാത്രമാണ് ഏക ആശ്വാസം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരേമനസ്സോടെ സഹായങ്ങളെത്തുന്നുണ്ട്. കുറുപ്പന്തറ, രാമപുരം ഭാഗങ്ങളിൽനിന്ന് വലിയ ലോറികളിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമെല്ലാം എത്തിയിരുന്നു. ക്യാമ്പുകളെല്ലാം രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ജനകീയ കൂട്ടായ്മകളുടെയുമെല്ലാം ബലത്തിൽ സുഗമമായാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.