കോട്ടയം: തെക്കുംകൂർ രാജവംശത്തിെൻറ ആസ്ഥാനമായിരുന്ന വെന്നിമല കേന്ദ്രീകരിച്ച് നിധിശേഖരമുണ്ടോയെന്നറിയാൻ പുരാവസ്തു വകുപ്പ് ബുധനാഴ്ച പ്രാഥമിക പരിശോധന നടത്തും. ഉച്ചക്ക് ഒന്നിന് പുരാവസ്തു വകുപ്പ് സൂപ്രണ്ട് എൻജിനീയർ കെ.ആർ. സോന, കൺസർവേറ്റർ എൻജിനീയർ ഭൂപേഷ് എന്നിവരുെട നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും. മീനടം സ്വദേശി പ്രിൻസ് പുന്നൻ മാർക്സിെൻറയും മാതാവ് ഏലിയാമ്മ മാർക്കോസിെൻറയും മൂന്ന് ഏക്കർ പുരയിടത്തിലും 100 വർഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്. മീനടം, പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുരയിടത്തിൽ നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് സംഘർഷം പതിവായിരുന്നു. ഭൂമിയിൽ നിധിശേഖരമുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിധിവേട്ടക്കെത്തുന്നവരുടെ ശല്യവും ഭീഷണിയും വർധിച്ച സാഹചര്യത്തിൽ സ്ഥലം ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് ജൂൺ 15ന് കേസ് പരിഗണിച്ച ഹൈകോടതി ആറാഴ്ചക്കുള്ളിൽ നിധിശേഖരത്തെക്കുറിച്ച് പരിശോധന നടത്തി നിയമപരമായ നടപടിയെടുക്കണമെന്നും വിവരം പൊതുജനങ്ങളെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ സഹായത്തോടെ നിധിശേഖരം ഉണ്ടോയെന്നറിയാൻ ഭൂമി കുഴിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് പ്രാഥമിക പരിശോധന. പുരാതനമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സ്ഥലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.