തണ്ണീർമുക്കം ബണ്ടിെൻറ മൂന്നാംഘട്ടം പൂർത്തീകരിക്കാൻ പ്രത്യേക യോഗം വിളിക്കും -മന്ത്രി പി. തിലോത്തമൻ ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിെൻറ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വെച്ചൂർ, തണ്ണീർമുക്കം പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും യോഗം വിളിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ബണ്ടിെൻറ മൂന്നാംഘട്ട നിർമാണപ്രവർത്തനം തടസ്സപ്പെട്ടതിനെത്തുടർന്ന്് പ്രശ്നപരിഹാരത്തിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 181 കോടി രൂപ ചെലവിലുള്ള ബണ്ടിെൻറ മൂന്നാംഘട്ട നിർമാണപ്രവൃത്തി 78 ശതമാനം പൂർത്തീകരിച്ചു. നിർമാണം പൂർത്തീകരിക്കുന്നതോടെ നിലവിൽ കിഴക്കുപടിഞ്ഞാറ് ഗതാഗതത്തിന് ഉപയോഗിക്കുന്ന 450 മീറ്ററോളം വരുന്ന മൺചിറ മാറ്റി ഒഴുക്ക് പുനഃസ്ഥാപിക്കുകയാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തിൽ നിർമിക്കുന്ന ഷട്ടറിനെയും പാലത്തെയും ഒന്നും രണ്ടും ഘട്ട നിർമാണങ്ങളുമായി ബന്ധിപ്പിക്കുന്ന 100 മീറ്ററോളം വരുന്ന മണൽച്ചിറ (ലിങ്ക് ഐലൻഡ്) നിലനിർത്തേണ്ടതുണ്ട്. ഇത് ബണ്ടിന് ബലവും സുരക്ഷയും നൽകുന്നതിന് 1956ലെ രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. മൂന്നുഘട്ടങ്ങളിലെ നിർമാണങ്ങളെ ബന്ധിപ്പിക്കുന്ന നൂറുമീറ്ററോളം വരുന്ന മണൽച്ചിറ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘടനയുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയതോടെയാണ് മാർച്ചിൽ നിർമാണം തടസ്സപ്പെട്ടത്. തുടർന്ന് സ്ഥലപരിശോധന നടത്തി മന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് യോഗം വിളിച്ചു. ഇതിെൻറ തുടർച്ചയായാണ് വീണ്ടും യോഗം വിളിച്ചത്. ബണ്ടിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട് നിലനിർത്തേണ്ട 100മീറ്ററോളം വരുന്ന മൺചിറ നീരൊഴുക്കിനെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിലയിലുള്ള 450 മീറ്റർ വരുന്ന മൺചിറ മാറ്റും. നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടർ വീണ എൻ. മാധവൻ, എ.ഡി.എം എം.കെ. കബീർ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ഹിരൺ ബാബു, ഡെപ്യൂട്ടി കലക്ടർ അതുൽ എസ്. നാഥ്, പഞ്ചായത്ത് അംഗം രമ മദനൻ, കെ.വി. മനോഹരൻ, ടി.കെ. കാർത്തികേയൻ, എൻ.ആർ. ഷാജി, എ. ദാമോദരൻ, പി.ജി. സുഗുണൻ, സി. ഗോപിനാഥ്, എം.കെ. രാജു, പി.എൻ. രഘു, എസ്. വാസവൻ എന്നിവർ പങ്കെടുത്തു. തണ്ണീർമുക്കം ബണ്ട് 1956ൽ പുണെ സെൻട്രൽ വാട്ടർ പവർ സ്റ്റേഷനാണ് തണ്ണീർമുക്കം ബണ്ട് രൂപകൽപന ചെയ്തത്. 1965ൽ, ഒന്നാംഘട്ടത്തിൽ തണ്ണീർമുക്കം ഭാഗത്തെ 31 ഷട്ടറും രണ്ട് ലോക്കും നിർമിച്ചു. 1975ൽ, രണ്ടാംഘട്ടത്തിൽ വെച്ചൂർ ഭാഗെത്ത 31 ഷട്ടറും ഒരു ലോക്കും അടങ്ങുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. തുടർന്ന് ഒന്നും രണ്ടും ഘട്ട നിർമാണങ്ങളെ മണൽച്ചിറയിലൂടെ (ലിങ്ക് ഐലൻഡ്) ബന്ധിപ്പിച്ച് ഗതാഗതസൗകര്യം സ്ഥാപിച്ചു. ലിങ്ക് ഐലൻഡുകൾ നിലനിർത്തി മറ്റു മണൽച്ചിറ മാറ്റി ഷട്ടറുകൾ സ്ഥാപിച്ച് ഒഴുക്ക് സുഗമമാക്കുന്നതിനാണ് മൂന്നാംഘട്ട നിർമാണം ഉൗന്നൽ നൽകിയത്. 28 ഷട്ടറും ഒരു ലോക്കുമാണ് മൂന്നാംഘട്ടത്തിൽ നിർമിച്ചത്. 1410 മീറ്ററാണ് ബണ്ടിെൻറ മൊത്തം നീളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.