നമ്പര്‍ പ്ളേറ്റില്ലാത്ത ടിപ്പറുകള്‍ക്കെതിരെ നടപടി വേണമെന്ന്

വെളിയം: അമിതമായി പാറകള്‍ കയറ്റി നമ്പര്‍ പ്ളേറ്റില്ലാതെ പോകുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യം. കുടവട്ടൂര്‍, പൂയപ്പള്ളി, ഓട്ടുമല പാറക്വാറികളില്‍ നിന്ന് ആയിരത്തോളം ടിപ്പറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വിസ് നടത്തുന്നത്. മിക്ക ലോറികള്‍ക്കും നമ്പര്‍പ്ളേറ്റില്ല. ഇത്തരം വാഹനങ്ങള്‍ പിടികൂടുന്നതിന് കൊട്ടാരക്കര തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല. സ്കൂള്‍ സമയത്ത് രാവിലെ 8.30മുതല്‍ 10വരെയും വൈകീട്ട് 3.30മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ നിരത്തിലിറങ്ങാന്‍ പാടില്ളെന്ന നിയമവും ലംഘിക്കപ്പെടുകയാണ്. പൊലീസിനെ വെട്ടിച്ച് ഇടുങ്ങിയ റോഡുകളിലൂടെയാണ് ലോറികള്‍ സഞ്ചരിക്കുന്നത്. ഇത് റോഡുകള്‍ തകരുന്നതിന് കാരണമാകുന്നു. കുടവട്ടൂരില്‍ ഓടനാവട്ടം-നെടുമണ്‍കാവ് റോഡിന്‍െറ ഇരുഭാഗത്തായി ടിപ്പറുകള്‍ നിരന്ന് കിടക്കുന്നത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ളെന്ന പരാതിയുമുണ്ട്. ബസ്സ്റ്റോപ്പുകളില്‍വരെ ടിപ്പറുകള്‍ നിരത്തിയിട്ടിരിക്കുന്നതിനാല്‍ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ മടികാണിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നമ്പര്‍പ്ളേറ്റിന് പുറമെ പാസും ഇല്ലാതെയാണ് മിക്ക ടിപ്പര്‍ലോറികളും പാറയുമായി പായുന്നത്. ഇതും പൂയപ്പള്ളി പൊലീസ് കണ്ടില്ളെന്ന് നടിക്കുന്നു. പിടികൂടിയ ലോറികളാവട്ടെ നിസ്സാരകുറ്റം ചുമത്തി വിടാറാണ് പതിവ്. ഇതിനെതിരെ കുടവട്ടൂരിലെ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. പൊലീസ് ഇത്തരം ടിപ്പര്‍ലോറികളെ പിടികൂടാത്തത് പാറമാഫിയയുമായുള്ള ബന്ധം മൂലമാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഓടനാവട്ടം-നെടുമണ്‍കാവ് റോഡില്‍ ടിപ്പറില്‍ നിന്ന് പാറതെറിച്ച് നിലത്ത് വീഴുന്നത് പതിവാണ്. പാറവീണ് നിരവധി അപകടങ്ങളാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്. നമ്പര്‍പ്ളേറ്റില്ലാത്തതും പാസില്ലാത്തതുമായ ടിപ്പര്‍ലോറികള്‍ക്കെതിരെ റവന്യൂ-പൊലീസ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.