പ്രസിഡന്റ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ ടൂർണമെന്റ് കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളില്‍ വീറും വാശിയും നിറക്കാന്‍ 11മത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ശനിയാഴ്ച എത്തുമ്പോൾ ഒരുക്കം അന്തിമ ഘട്ടത്തിൽ. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ ഒരുക്കിയ സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു.
വള്ളംകളിയുടെ പ്രചാരണാര്‍ഥം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കൊല്ലം പ്രസ് ക്ലബിന്റെയും സ്പോർട്സ് കൗൺസിലിന്റെയും ജനപ്രതിനിധികളുടെയും കലക്ടറുടെയും ടീമുകള്‍ പങ്കെടുത്ത ഫുട്ബാള്‍ മത്സരവും അരങ്ങേറി. ജില്ല കലക്ടറുടെ ടീം ആണ് സൗഹൃദ ഫുട്ബാൾ മത്സരത്തിൽ വിജയിച്ചത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ ടീമിന്റെ വലയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ എത്തിച്ചാണ് കലക്ടറുടെ ടീമിന്റെ മിന്നുന്ന ജയം നേടിയത്.
വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന് വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരക്കുന്നത്. സി.ബി.എല്ലില്‍ മൂന്ന് ട്രാക്കുകളിലായി നിരണം ചുണ്ടന്, വീയപുരം ചുണ്ടന്, മേല്‍പ്പാടം ചുണ്ടന്, നടുഭാഗം ചുണ്ടന്, നടുവിലെപറമ്പന്‍ ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന്, ചെറുതന ചുണ്ടന്, പായിപ്പാടന് ചുണ്ടന്, ചമ്പക്കുളം ചുണ്ടന് എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
നിലവിലെ പോയന്റ് പട്ടികയില്‍ വീയപുരം ചുണ്ടന് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മേല്‍പ്പാടം ചുണ്ടനും മൂന്നാം സ്ഥാനത്ത് നിരണം ചുണ്ടനുമാണ്. സി.ബി.എല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
ചെറുവള്ളങ്ങളുടെ മത്സരത്തില്‍ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം പങ്കെടുക്കും. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്.
സ്പോര്‍ട്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊല്ലം ബീച്ചില്‍ കബഡി മത്സരം സംഘടിപ്പിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി .ഗണേഷ് കുമാറാണ് മുഖ്യാതിഥി. മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തും. മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് എന്‍.കെ. പ്രേമചന്ദ്രന് എം.പി നിര്‍വഹിക്കും.
വിവിധ ജനപ്രതിനിധികളടക്കം പ്രമുഖർ പങ്കെടുക്കും. സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.