ജിജോ വർഗീസ്
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ വീടുകയറി ആക്രമണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വഷണവും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പുതുവർഷ രാത്രി നടന്ന വീടുകയറി ആക്രമണത്തിൽ മനംനൊന്ത് ജിജോ വർഗീസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇടവനശ്ശേരി പടിഞ്ഞാറ് നാലാം വാർഡിലെ മുട്ടത്ത്കാവ്-മുല്ലമൂട് പള്ളി പ്രദേശത്തെ ജനങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇടവനശേരിയിൽ ടാപ്പിങ് തൊഴിലാളിയായ മാതാവും മകനും മാത്രം താമസിക്കുന്ന വീട്ടിൽ പുതുവർഷരാത്രി മണിക്കൂറുകൾ നീളുന്ന ആക്രമണം ഉണ്ടായി. പുതുവത്സര ആഘോഷത്തിനിടെ നടന്ന തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്ന് എത്തിയാണ് ഒരുസംഘം ആക്രമിച്ചത്. പുലർച്ച ഒന്നിനും നാലിനും ഇടയിൽ മൂന്ന് തവണ നടന്ന ആക്രമണത്തിൽ മാതാവിനും പരിക്കേറ്റിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് പറയപ്പെടുന്നത്.
സംഭവത്തിൽ ഏതാനും യുവാക്കളെ ശാസ്താംകോട്ട പൊലീസ് ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടുകയാണെന്നാണ് പൊലീസ് പറയുന്നതെന്നും ഇവരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നുമാണ് നാട്ടുകാരുടെ പരാതി.
സംഭവത്തിന് പിന്നിൽ പ്രദേശത്തെ ലഹരിമാഫിയ സംഘം ആണെന്നും ജിജോയുടെ മരണത്തിന് ഇടയാക്കിയവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു.
പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗങ്ങൾ നോക്കി ലഹരിസംഘങ്ങൾ കേന്ദ്രീകരിക്കുന്നതായും ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി ജനജീവിതം സുരക്ഷിതമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.