ചന്തു
ശൂരനാട്: ചക്കുവള്ളിയിൽ യുവാക്കളെ സംഘംചേർന്ന് മർദിച്ച കേസിലെ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽനിന്ന് ശൂരനാട് പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശൂരനാട് തെക്ക് ആയിക്കുന്നം കോടംവിള തെക്കതിൽ ചന്തുവാണ് പിടിയിലായത്.
കഴിഞ്ഞ മേയ് 28ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ചക്കുവള്ളിയിലെ പങ്കാളിസ് ക്ലബിന് സമീപം ചക്കുവള്ളി സ്വദേശികളായ യുവാക്കളെ, കാറിലും മറ്റു വാഹനങ്ങളുമായി എത്തിയ പ്രതികൾ കാറിടിച്ച് വീഴ്ത്താൻ ശ്രമിക്കുകയും മുഖത്ത് മുളക് സ്പ്രേ ചെയ്ത് ക്രൂരമായി മർദിക്കുകയായിരുന്നു. പെട്രോൾ പമ്പിന് സമീപം മറ്റൊരു യുവാവിനെയും മർദിച്ചു. തുടർന്ന് കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ചന്തു കേരളത്തിലും പുറത്തുമായി വിവിധ സ്ഥലങ്ങളിലായി ഒളിവിൽകഴിയുകയായിരുന്നു.
പ്രതിയെ കണ്ടെത്താനായി ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ശാസ്താംകോട്ട ഡിവൈ.എസ്.പി ബിജുകുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയും അയാളുടെ നാട്ടുകാരായ ചിലരും കൊയിലാണ്ടി ഭാഗത്ത് താൽക്കാലിക വിലാസങ്ങളിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് ശൂരനാട് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ റുമേഷ്, രാജേഷ്, പ്രദീപ്, സതീശൻ, സി.പി.ഒ അരുൺ ബാബു, അനസ്, ബിജു എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതി ഒളിച്ചുകഴിയുന്ന വീട് കണ്ടെത്തി ചന്തുവിനെ കസ്റ്റഡിയിലെടുത്തത്.
നിരവധി കേസുകളിൽ പ്രതി ആയതിനാൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുത്തിരുന്നുവെങ്കിലും വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.