പ്രസിഡന്റ് ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനുളള ചുണ്ടൻ വള്ളങ്ങൾ അഷ്ടമുടി കായലിലൂടെ കൊണ്ടുവരുന്നു
കൊല്ലം: അഷ്ടമുടിയുടെ ഓളങ്ങൾ ആവേശത്തുടിപ്പോടെ കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ മാത്രം. അനിശ്ചിതത്വങ്ങളുടെ ആഴ്ചകൾക്കൊടുവിൽ കൊല്ലത്തിന്റെ ആതിഥേയത്വത്തിന്റെ ഊഷ്മളതയിലേക്ക് തിരിച്ചെത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിന്റെ ആവേശവുമായി പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ശനിയാഴ്ച അഷ്ടമുടിക്കായലിൽ കാഴ്ചവിരുന്നൊരുക്കും.
11ാമത് പ്രസിഡന്റ്സ് ട്രോഫിയിൽ മുത്തമിടാനും അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം എടുത്തുയർത്താനുമായി അണുവിട വിടാതെ പോരാടും എന്ന ഉറപ്പുമായി ചുണ്ടൻ വള്ളങ്ങളുടെ കരുത്തൻനിര ഇന്ന് ഇറങ്ങുമ്പോൾ അഷ്ടമുടി കായലിൽ തീപാറും. സെക്കൻഡുകൾ പോലും ഇഴകീറി കുതിക്കുന്ന ചുണ്ടൻ താരങ്ങൾ കാണികൾക്ക് ആവേശക്കാഴ്ചയാകുമ്പോൾ കരയിലും വെള്ളത്തിലും ആരവം നിറയും.
പ്രസിഡന്റ്സ് ട്രോഫി-സി.ബി.എൽ പോരിന്റെ ആവേശമുയർത്തി ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ആണ് അഷ്ടമുടിയിൽ മാറ്റുരക്കുന്നത്. ഇതുകൂടാതെ വിവിധ വിഭാഗങ്ങളിലായി എട്ട് ചെറുവള്ളങ്ങളുടെ പോരിനും കൊല്ലം സാക്ഷിയാകും. സി.ബി.എൽ പോരിൽ ഒന്നാമത് നിൽക്കുന്ന വീയപുരം ചുണ്ടൻ ഉൾപ്പെടെ ജലോത്സവ താരങ്ങളെ കാണാൻ മറുനാടുകളിൽ നിന്നുപോലും ആളുകൾ എത്തും.
മേൽപാടം ചുണ്ടൻ, നിരണം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, നടുവിലേപറമ്പൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ചെറുതന ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നിവരാണ് മാറ്റുരക്കുന്ന മറ്റ് ചുണ്ടൻ വള്ളങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ സീസണിൽ 10 സി.ബി.എൽ പോരാട്ടങ്ങളിലും ഈ ചുണ്ടൻ വള്ളങ്ങൾ കാഴ്ചവച്ചത്. അതിനാൽ തന്നെ കൊല്ലത്തും പോരിന് ചൂടുകൂടും.
ചെറുവള്ളങ്ങളുടെ പോരാട്ടത്തിൽ പങ്കാളിത്തം കുറവാണെങ്കിലും ആവേശം കുറയില്ല എന്ന ഉറപ്പുമായി എട്ട് വള്ളങ്ങൾ ആണ് എത്തുന്നത്. ഇരുട്ടുകുത്തി എ ഗ്രേഡിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡിൽ മൂന്ന് വള്ളങ്ങളും തെക്കനോടി വനിത വിഭാഗത്തിൽ മൂന്ന് വള്ളങ്ങളുമാണ് മാറ്റുരക്കുന്നത്.
സാധാരണ നവംബറിൽ നടക്കുന്ന സി.ബി.എൽ ഫൈനൽ ആണ് ഇത്തവണ അൽപം വൈകിയാണെങ്കിലും കൊല്ലത്ത് നടക്കുന്നത്. ഫൈനൽ വേദി മാറ്റണമോ എന്നതുൾപ്പെടെ ആലോചനകൾ അതിജീവിച്ചാണ് സി.ബി.എൽ ഫൈനൽ വേദി എന്ന കഴിഞ്ഞ നാല് വർഷത്തെയും പതിവ് കൊല്ലം ഇത്തവണയും സ്വന്തമാക്കിയത്. ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് മുന്നൊരുക്കം നടത്തിയാണ് അഷ്ടമുടി ജലോത്സവത്തിനെ വരവേൽക്കുന്നത്.
തേവള്ളി പാലത്തിന് സമീപത്തെ സ്റ്റാർട്ടിങ് പോയന്റ് മുതൽ ഡി.ടി.പി.സി ബോട്ട് ജെട്ടിവരെയുള്ള 1100 മീറ്റർ ട്രാക്കിൽ ജലരാജാക്കന്മാർക്ക് കുതിക്കാൻ ഒരുക്കം പൂർത്തിയായികഴിഞ്ഞു. മണൽതിട്ടകൾ നീക്കി ആവശ്യമായ ആഴംഒരുക്കലും പൂർത്തിയായി. മൂന്ന് ട്രാക്കുകളിലായാണ് പോരാട്ടം നടക്കുന്നത്. ഈ ട്രാക്കുകളും ഒരുക്കി കാത്തിരിക്കുകയാണ് അഷ്ടമുടി, ആവേശത്തിന്റെ മണിക്കൂറുകൾക്ക് ആതിഥ്യമരുളാൻ.
കാലങ്ങളായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടത്തിൽ മുത്തമിടാൻ വീയപുരം ചുണ്ടനിൽ തുഴയെറിഞ്ഞ് എത്തുകയാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ്. അവിശ്വസനീയമായ പോരാട്ടവീര്യവുമായി സീസൺ സ്വന്തമാക്കി മുന്നേറിയാണ് ഫൈനൽ പോരിന് മുമ്പ് തന്നെ ചാമ്പ്യനായി ചാമ്പ്യൻ കിരീടമുയർത്താൻ വീയപുരത്തിന്റെ വീരന്മാർ കൊല്ലത്ത് എത്തുന്നത്.
സീസണിലെ 10 മത്സരങ്ങളിൽ ഒമ്പത് എണ്ണത്തിലും വിജയത്തിലേക്ക് ഫിനിഷ് ചെയ്ത് ചരിത്രംരചിച്ചാണ് പ്രൈഡ് ചെയ്സേഴ്സ് എന്ന വി.ബി.സി ഇത്തവണ കിരീടം നേരത്തെ ഉറപ്പിച്ചത്. ഏറ്റവും ഒടുവിലായി മറൈൻ ഡ്രൈവിൽ നടന്ന പോരാട്ടത്തിൽ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവർ രണ്ടാം സ്ഥാനത്തേക്ക് മാറിയത്.
ആകെ 99 പോയന്റുമായി കുതിച്ച് പ്രസിഡന്റ് ട്രോഫി പോരാട്ടത്തിലെ ഫൈനൽ വേദിയിൽ എത്തുന്നതിന് മുമ്പ് തന്നെ അങ്ങനെ അവർ ചാമ്പ്യൻമാരായി. അഷ്ടമുടിയിൽ പിന്നോട്ടുപോയാലും വി.ബി.സിയുടെ ചാമ്പ്യൻപട്ടത്തിന് ഇളക്കമുണ്ടാകില്ല. രണ്ടാമതുള്ള മുൻ ചാമ്പ്യൻ പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം ചുണ്ടൻ ഇതുവരെ നേടിയത് 84 പോയന്റുകൾ ആണ്. ഫൈനൽ വിജയത്തിലെ 10 പോയന്റുകൾ കയറിയാലും വി.ബി.സിയെ വിറപ്പിക്കാൻ പി.ബി.സിക്ക് കഴിയില്ല.
എന്നാൽ, ചാമ്പ്യൻ പട്ടം സ്വന്തമായാലും പ്രസിഡന്റ്സ് ട്രോഫി പോരാട്ടത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല വീയപുരം. ഇവിടെയും ഫിനിഷ് ലൈൻ ഒന്നാമതായി തൊട്ട് തങ്ങളുടെ ചരിത്ര കിരീട നേട്ടം തകർപ്പനായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് അവർ. ലീഡിങ് കാപ്റ്റർ ആയി ബൈജു കുട്ടനാടിനും ടീം കാപ്റ്റനായി ബിഫി വർഗീസിനും പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്ന് അവർ ആ ലക്ഷ്യം നേടും എന്ന ഉറപ്പാണ് പങ്കുവക്കുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് കൂടാതെ, സി.ബി.എൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ(76 പോയന്റ്), നാലാമതുള്ള പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ(74 പോയന്റ്) എന്നിങ്ങനെ കരുത്തർ വീയപുരത്തിന്റെ ലക്ഷ്യത്തിന് കടുത്ത വെല്ലുവിളിയുമായി എത്തുമ്പോൾ അഷ്ടമുടിയിലെ പോരാട്ടം കടുക്കുമെന്നത് ഉറപ്പ്.
കൊല്ലം: സർക്കാർ സഹായത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന കായികോത്സവം എന്ന പെരുമ ചാമ്പ്യൻസ് ബോട്ട് ലീഗിന് മാത്രം സ്വന്തം. അഞ്ച് കോടിയോളം രൂപയാണ് ചാമ്പ്യൻമാർക്കുള്ള സമ്മാനത്തുകയായും പങ്കെടുക്കുന്നതിനുള്ള പാരിതോഷികമായും വള്ളങ്ങൾക്ക് ലഭിക്കുന്നത്.
ലീഗിലെ ഒന്നാം സ്ഥാനക്കാർ 25 ലക്ഷം രൂപയുമായാണ് മടങ്ങുന്നത്. ഇവർ തന്നെ പ്രസിഡന്റ്സ് ട്രോഫി ഉയർത്തിയാൽ അഞ്ച് ലക്ഷം രൂപ കൂടി സ്വന്തമാകും. സി.ബി.എൽ രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തിൽ 75,000 രൂപയും പ്രൈസ് മണിആയി 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസ് ഇനത്തിൽ 50000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിത വിഭാഗത്തിന് 60,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.