ചിട്ടിക്കമ്പനിക്കെതിരെ പരാതിപ്രവാഹം

പറവൂർ: ചിട്ടിപ്പണവും നിക്ഷേപത്തുകയും നൽകാതെ ചിട്ടിക്കമ്പനി ഉടമ മുങ്ങിയതിനെതിരെ പരാതിക്കാരുടെ എണ്ണം പെരുകി. മൂന്നുദിവസത്തിനുള്ളിൽ തത്ത്വമസി ചിട്ടി സ്ഥാപനത്തിനെതിരെ പറവൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത് 325 പരാതികൾ. രണ്ടരക്കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. പറവൂർ, വൈപ്പിൻ, ആലങ്ങാട് പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാരിലേറെയും. മുനമ്പം, ആലുവ സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതികൾ ലഭിച്ചു. പറവൂർ പെരുവാരം ആസ്ഥാനമായാണ് ചിട്ടിക്കമ്പനി പ്രവർത്തിച്ചിരുന്നത്. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 22 ശാഖകളുെണ്ടങ്കിലും എല്ലാം അടച്ചിട്ട നിലയിലാണ്. മൂന്നുദിവസം മുമ്പാണ് നിക്ഷേപകരുടെ പണവുമായി ഉടമ ചെറായി തൈക്കൂട്ടത്തിൽ കിഷോർ മുങ്ങിയത്. ഇയാളുടെ സ്ഥാപനത്തിലും വീട്ടിലും ഒട്ടേറെയാളുകൾ അന്വേഷിച്ചെത്തുന്നുണ്ട്. എന്നാൽ, വീടും പൂട്ടി. മതിലകം ശാഖയിൽനിന്ന് ചിലർ കഴിഞ്ഞ ദിവസം ഉടമയുടെ ചെറായിയിെല വീട്ടില്‍ എത്തിയിരുന്നു. പരിചയക്കാരെ ചിട്ടി ചേർത്ത ഒട്ടേറെ ജീവനക്കാര്‍ ഇപ്പോൾ വെട്ടിലായി. ഉടമ എവിടെയാണെന്ന് പൊലീസിന് ഇതുവരെ വിവരമില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള വൈപ്പിനിെല റിസേർട്ടുകൾ വിൽക്കുന്നത് തടയാൻ പൊലീസ് വില്ലേജ് ഓഫിസിൽ അപേക്ഷ നൽകി. ഇയാളുടെയും മറ്റ് അടുത്ത ബന്ധുക്കളുടെയും ഫോൺ പ്രവർത്തനരഹിതമായ നിലയിലാണന്ന് കേസ് അന്വേഷിക്കുന്ന പറവൂർ എസ്.ഐ പറഞ്ഞു. ഓണത്തിന് നൂറുകണക്കിന് ചിറ്റാളൻമാർക്ക് പണം തിരിച്ചുനൽകാനുള്ള തയാറെടുപ്പിനിടയിലാണ് ഉടമ മുങ്ങിയത്. ഓരോ നിക്ഷേപകർക്കും 60,000 മുതൽ അഞ്ചുലക്ഷം രൂപ വരെ നൽകാനുണ്ട്. എന്നാൽ, വൻകിട ബിസിനസുകാർക്ക് ഇതിലും രണ്ടിരട്ടി തുക നൽകാനുണ്ടെന്നാണ് വിവരം. വൻ നിക്ഷേപം നടത്തിയവർ ആരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. ചിട്ടിയിൽ പണം നിക്ഷേപിച്ചവരിൽ ഏറെയും സ്ത്രീകളാണ്. ചിട്ടി സ്ഥാപന ഉടമക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.