കൊച്ചി: 2021ൽ തുടർഭരണത്തിന് കേരളം ചുവപ്പുകൊടി പാറിച്ചപ്പോഴും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം അടിയുറച്ചുനിന്ന മണ്ഡലമാണ് എറണാകുളം. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ വ്യക്തമായ വലത് ചായ്വ് പ്രകടിപ്പിക്കുന്ന മണ്ഡലം. ഏഴ് പതിറ്റാണ്ടിനിടെ രണ്ടേ രണ്ട് തവണ മാത്രം ഇടതു സ്വതന്ത്രരെ തുണച്ച മണ്ഡലം. എന്നാൽ ഇക്കുറി ഇടതുമുന്നണിയിൽ നടന്ന തന്ത്രപരമായ സീറ്റ് വെച്ചുമാറ്റം എറണാകുളത്തെ രാഷ്ട്രീയ സമവാക്യങ്ങൾ പാടെ മാറ്റിമറിക്കുകയാണ്. കാലങ്ങളായി സി.പി.എം കൈവശം വെച്ചിരുന്ന എറണാകുളം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് നൽകി അവർ മത്സരിച്ചിരുന്ന അങ്കമാലി ഏറ്റെടുക്കുകയായിരുന്നു. ലത്തീൻ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വിഭാഗത്തിൽനിന്ന് ഏറെ സുപരിചിതനായ സ്ഥാനാർഥിയെ കൂടി ഇറക്കിയതോടെ യു.ഡി.എഫ് ഉറപ്പിച്ച ഈ സീറ്റിൽ മത്സരം ശക്തമാണ്.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലെ ഉപ തെരഞ്ഞെടുപ്പിലും നല്ലൊരു പോരാട്ടം കാഴ്ചവെക്കാൻ പോലും കഴിയുന്ന സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല. 2019ലെ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3750 ആയി കുറക്കാൻ അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി മനു റോയ്ക്ക് കഴിഞ്ഞെങ്കിലും അതിന് മഴ അടക്കമുള്ള കാരണങ്ങൾ ഉണ്ടായിരുന്നു. ഇതിന് ഒരു മാറ്റമായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലെ സാബു ജോർജിനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു സീറ്റ് മാറ്റം.
2021ൽ കോൺഗ്രസിലെ ടി.ജെ. വിനോദ് തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ഷാജി ജോർജിനെയായിരുന്നു എൽ.ഡി.എഫ് കളത്തിൽ ഇറക്കിയത്. വിനോദ് 10,970 വോട്ടിന് മണ്ഡലം നിലനിർത്തി. 2016ൽ ഹൈബി ഈഡനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. പിന്നീട് കൊച്ചി മേയറായ എം. അനികുമാർ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. അന്ന് 21949 വോട്ടായിരുന്നു ഹൈബിയുടെ ലീഡ്. 2011ൽ ഹൈബി 32487 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സി.പി.എം സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളിനെയും തോൽപിച്ചു.
2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് 31178 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. കൊച്ചി കോർപറേഷനിലെ 21 വാർഡുകളും ചേരാനല്ലൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് എറണാകുളം നിയമസഭ മണ്ഡലം. ഇതിൽ ചേരാനല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് ആണ് ഭരിക്കുന്നത്. കൊച്ചി കോർപറേഷനിലെ 21 വാർഡുകളിൽ 14 ഇടത്ത് യു.ഡി.എഫ് ആണ് ജയിച്ചത്. നാലിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് എൻ.ഡി.എയും വിജയിച്ചു. കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് 36641 വോട്ടും എൽ.ഡി.എഫിന് 35685 വോട്ടുമാണ് ലഭിച്ചത്. വ്യത്യാസം 1000 വോട്ടിൽതാഴെ.
കണക്കുകൾ എല്ലാം മേൽക്കൈ നൽകുന്നത് യു.ഡി.എഫിനാണെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും വോട്ട് വിഹിതം നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നില്ലെന്ന് ഇരു മുന്നണികളും വിലയിരുത്തുന്നു. എങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ 10,000 വോട്ടിന്‍റെ ലീഡ് ഇപ്പോഴും തങ്ങൾക്ക് ഉണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ഇവിടെയാണ് സാബു ജോർജ് എന്ന എൽ.ഡി.എഫ് സ്ഥാനാർഥി പ്രസക്തനാവുന്നത്.
എതിരാളി ടി.ജെ. വിനോദിനെ പോലെ മുൻ കൊച്ചി ഡെപ്യൂട്ടി മേയറാണ് സാബു ജോർജും. മണ്ഡലത്തിൽ വിനോദിനെ പോലെ തന്നെ സുപരിചിതൻ. ഇതിനെക്കാൾ ഉപരി എറണാകുളം മണ്ഡലത്തിലെ നിർണായക ശക്തിയായ ലത്തീൻ കത്തോലിക്ക സഭയുമായി ഏറെ അടുപ്പവും. സഭയുടെ പ്രമുഖ സ്ഥാപനത്തിൽ പി.ആർ.ഒ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഇടതു മുന്നണിക്ക് 35,000ത്തോളം ഉറച്ച വോട്ടുകൾ മണ്ഡലത്തിൽ ഉണ്ട്. ഈ വോട്ടുകൾക്കൊപ്പം സ്ഥാനാർഥിയുടെ പരിചിതവലയം വഴി യു.ഡി.എഫ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞാൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ചു കയറാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
എന്നാൽ ട്വന്‍റി20 എൻ.ഡി.എ സഖ്യത്തിൽ എത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇക്കുറി. ഈ മാറ്റവും മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയിട്ടുണ്ട്. 2021ൽ എൻ.ഡി.എയുടെ ബി.ജെ.പി സ്ഥാനാർഥി പത്മജ എസ്. മേനോൻ 16043 വോട്ടാണ് നേടിയത്.
ട്വന്‍റി20 സ്ഥാനാർഥി ലെസ്ലി പള്ളത്ത് 10634 വോട്ടും നേടി. കണക്കുകൾ പ്രകാരം എൻ.ഡി.എ സ്ഥാനാർഥിയായി ഇക്കുറി ബി.ജെ.പി രംഗത്തിറക്കിയ പി.ആർ. ശിവശങ്കറിന് 26000ത്തോളം വോട്ട് ലഭിക്കേണ്ടതാണ്. എന്നാൽ എൻ.ഡി.എയുമായി കൈകോർത്തത് ട്വന്‍റി20യുടെ വോട്ട് വിഹിതത്തിൽ ചോർച്ച ഉണ്ടാക്കിയേക്കും. ട്വന്‍റി20 രൂപീകൃതമായപ്പോൾ വോട്ട് ചോർച്ച കാര്യമായി ഉണ്ടായത് യു.ഡി.എഫിനാണ്. നഷ്ടമായ ഈ വോട്ടിൽ നല്ലൊരു പങ്ക് തിരിച്ചു പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞാൽ എൽ.ഡി.എഫ് പ്രതീക്ഷകൾ തകരും. ഒപ്പം എറണാകുളം യു.ഡി.എഫിന് ഏറെ വേരുള്ള മണ്ഡലമാണെന്നതും യു.ഡി.എഫ് പ്രതീക്ഷകൾ ശക്തമാക്കുകയാണ്. ട്വന്‍റി20യുടെ പിന്തുണ വോട്ടു വിഹിതത്തിൽ നല്ലൊരു മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ എൻ.ഡി.എയും ബി.ജെ.പി ക്യാമ്പും വെച്ചുപുലർത്തുന്നുണ്ട്.
ഇരു മുന്നണികൾക്കും ഒപ്പത്തിനൊപ്പം മത്സരിച്ച് നിൽക്കാനാവുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2010ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ടി.ജെ. വിനോദും സാബു ജോർജും നേർക്കുനേർ മത്സരിച്ചിട്ടുമുണ്ട്. അന്ന് വിനോദ് വിജയിച്ചു കയറി.
എറണാകുളം മണ്ഡലത്തിൽ ടി.ജെ. വിനോദിന് മൂന്നാം മത്സരമാണ്. 2019 മുതൽ എം.എൽ.എ. അഞ്ചു തവണ കൊച്ചി കോർപറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ ഡെപ്യൂട്ടി മേയർ പദവിയിലും എത്തി. പൊന്നുരുന്നി സെൻറ് റീത്താസ്, കളമശ്ശേരി സെന്‍റ് പോൾസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. 2016 മുതൽ 2019 വരെ എറണാകുളം ഡി.സി.സി പ്രസിഡന്‍റായിരുന്നു. ഭാര്യ: ഷിമിത.
സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. നിലവിൽ കിൻഫ്ര എക്സ്പോർട്ട് ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനാണ്. കൊച്ചി കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറായിരുന്നു. കേരള വിദ്യാർഥി ജനതയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. യുവജനത ജില്ല പ്രസിഡന്‍റ്, ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനറായിരുന്നു. പാരലൽ കോളജ് വിദ്യാർഥി സംഘടന സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭാര്യ: മഞ്ജു.
നിലവിൽ ബി.ജെ.പി സംസ്ഥാന വക്താവാണ്. സംസ്ഥാന സമിതി അംഗം, മെഡിക്കൽ സെൽ കൺവീനർ, മീഡിയ സെൽ സംസ്ഥാന കൺവീനർ, മീഡിയ സെൽ മേഖല കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985 മുതൽ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനാണ്. എ.ബി.വി.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ എത്തിയത്. സംഘടനയുടെ എറണാകുളം സിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2013-14ൽ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.