എ​ൻ.​വി. ചാ​ക്കോ, ചാ​ക്കോ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ നോ​ട്ടീ​സ്

ഓർമകളുടെ വോട്ടുപെട്ടിയിൽ ഇപ്പോഴുമുണ്ട് ആ പോസ്റ്ററും നോട്ടീസും

കൊച്ചി: ഇത് അഡ്വ. എൻ.വി. ചാക്കോ എം.എൽ.സി എന്ന നിയമസഭ സാമാജികന്റെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസും പോസ്റ്ററൂം. 1937 മുതൽ ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്ന ട്രാവൻവൻകൂർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു ചാക്കോ. പറവൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ, ദേവികുളം താലൂക്കുകൾ അടങ്ങുന്ന വിശാല മണ്ഡലത്തിന്റെ പ്രതിനിധി. 1937ലെ പ്രചാരണ നോട്ടീസും പോസ്റ്ററും വോട്ടേഴ്സ് ലിസ്റ്റും മെമ്പർ സർട്ടിഫിക്കറ്റുമൊക്കെ സൂക്ഷിക്കുന്നത് കൊച്ചുമകനായ ജോജി വർഗീസാണ്. തെരഞ്ഞെടുപ്പുകാലത്ത് ജോജിക്ക് ഓർമകളുടെ അടയാളം കൂടിയാണ് ഈ രേഖകൾ.

1937 മുതൽ 1951 വരെ നിയമസഭാംഗമായിരുന്നു ചാക്കോ. 1891ൽ എറണാകുളം പൂതൃക്ക നടുവിലെ വീട്ടിൽ ജനിച്ച് മഹാരാജാസ്, മദ്രാസ് ക്രിസ്ത്യൻ കോളജുകളിൽ നിന്നായി ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. പറവൂർ കോടതിയിൽ വക്കീൽ ആയിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നു. സർ സി.പിയുടെ ഭരണ കാലത്ത് മൂന്ന് തവണ ജയിൽവാസം അനുഭവിച്ചു.

നിയമസഭയിൽ കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയ ചാക്കോ 1972ൽ പ്രധാനമന്ത്രി ഇന്ദിരഗാന്ധി നൽകിയ താമ്രപത്രം സ്വീകരിച്ചിരുന്നു. സാക്ഷാൽ സർ സി.പിയെ മുഖത്തുനോക്കി നായെന്നു വിളിച്ച, ആരുടേയും മുന്നിൽ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു ചാക്കോ.

സി.പിക്കെതിരെ കോൺഗ്രസ് തിരുവിതാംകൂർ മഹാരാജാവിന് നൽകിയ പരാതിയിലെ ആരോപണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജി ഇടപെട്ടപ്പോഴും ചാക്കോ നിരാകരിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂറിൽ ശക്തിപ്പെടാനും ഈ സംഭവം നിമിത്തമായി. 1951ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കുടെ നിന്നവർ കാലുവാരിയതിനാൽ ചാക്കോക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. നിയമസഭ പെൻഷനടക്കം നിരസിക്കപ്പെട്ട അദ്ദേഹം പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. 1976 മേയ് 13നാണ് അന്തരിച്ചത്. പട്ടം താണുപിള്ള, എ.ജെ. ജോൺ, അക്കാമ്മ ചെറിയാൻ, കെ. കരുണാകരൻ തുടങ്ങിയവർക്കൊപ്പം ചേർത്തുവെക്കേണ്ട എൻ.വി. ചാക്കോയുടെ ഓർമക്കായി ആ താമ്രപത്രവും ജോജി സൂക്ഷിച്ചിട്ടുണ്ട്. കോലഞ്ചേരിക്കടുത്ത് പൂതൃക്കയിലാണ് ജോജിയുടെ താമസം.

Tags:    
News Summary - Election Documents of Advocate N.V. Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.