പിറവത്തെ കോട്ട കാക്കാൻ വീണ്ടും അനൂപ് ജേക്കബ്

പിറവം: പിറവത്ത് സീറ്റ് നിലനിർത്താൻ നാലാം തവണയും പോരാട്ടത്തിനിറങ്ങുകയാണ് കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ്. ജനങ്ങളോടെപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് പ്രചാരണം. 2021ൽ ലഭിച്ച 25347 വോട്ടിന്‍റെ ഭൂരിഭക്ഷം വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് പിറവം. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാർ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിലെത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റും നഗരസഭ അധ്യക്ഷനുമായിരുന്ന സാബു കെ. ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2006 ലെ തെരഞ്ഞെടുപ്പിൽ ടി.എം. ജേക്കബിനെ പരാജയപ്പെടുത്തി എം.ജെ. ജേക്കബ് മണ്ഡലം തിരിച്ചുപിടിച്ച് എൽ.ഡി.എഫ് പാളയത്തിൽ എത്തിച്ചിരുന്നു. ആ ചരിത്രം ആവർത്തിക്കാനാകുമെന്നാണ് എൽ.ഡി.എഫിന്‍റെ പ്രതീക്ഷ. തങ്ങളെ വഞ്ചിച്ച് എൽ.ഡി.എഫിലെത്തി പേമെന്റ് സീറ്റിലാണ് മത്സരിക്കുന്നതെന്ന ആരോപണം യു.ഡി എഫ് ഉയർത്തുന്നുണ്ട്. എന്നാൽ, നഗരസഭയിൽ തന്‍റെ കാലത്തുണ്ടായ വികസനനേട്ടങ്ങൾ തുണക്കുമെന്ന പ്രതീക്ഷയിലാണ് സാബു കെ. ജേക്കബ്. 5000ത്തിൽപരം വോട്ടിന്റെ ഭൂരിഭക്ഷമാണ് അവർ കണക്കുകൂട്ടുന്നത്. വോട്ടു വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ സ്ഥാനാർഥി സിബി അബ്രാഹമും മത്സര രംഗത്തുണ്ട്.

ഇതുവരെ മണ്ഡലത്തിൽ നടന്ന എട്ട് തെരഞ്ഞെടുപ്പുകളിൽ ആറിലും വിജയിച്ചത് യു.ഡി.എഫാണ്. രണ്ട് തവണ എൽ.ഡി.എഫും. 1977ൽ ടി.എം. ജേക്കബ്, 1980ൽ പി.സി. ചാക്കോ, 1982ൽ ബെന്നി ബഹനാൻ, എന്നിവർ ജയിച്ച മണ്ഡലം 1987ൽ സി.പി.എമ്മിന്‍റെ ഗോപി കോട്ടമുറിക്കൽ പിടിച്ചെടുത്തു. എന്നാൽ, 1991ൽ കേരള കോൺഗ്രസിലെ ടി.എം. ജേക്കബിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ടി.എം. ജേക്കബ് പിന്നീട് 2001വരെ വിജയം ആവർത്തിച്ചു.

2006ൽ എം.ജെ. ജേക്കബിലൂടെ മണ്ഡലം വീണ്ടും എൽ.ഡി.എഫിന്‍റെ കൈയിൽ എത്തിയെങ്കിലും 2011ൽ ടി.എം. ജേക്കബ് ശക്തമായ തിരിച്ചുവരവ് നടത്തി. 2012ൽ ടി.എം. ജേക്കബിന്‍റെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മകൻ അനൂപ് ജേക്കബ് 2016ലും 2021ലും വിജയം ആവർത്തിച്ചു. 2016ൽ സി.പി.എമ്മിലെ എം.ജെ. ജേക്കബിനെതിരെ അനൂപിന്‍റെ ഭൂരിപക്ഷം 6195 വോട്ടായിരുന്നത് 2021ൽ 25,364 വോട്ടായി ഉയർന്നു. കേരള കോൺഗ്രസ് എമ്മിലെ സിന്ധുമോൾ ജേക്കബായിരുന്നു എതിരാളി. 2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി 17,503 വോട്ട് പിടിച്ചെങ്കിൽ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് 11021 വോട്ട്.

അനൂപ് ജേക്കബ് (യു.ഡി.എഫ്)

മുൻ മന്ത്രി ടി.എം. ജേക്കബിന്‍റെ മകൻ. തിരുവനന്തപുരം ലയോള സ്കൂൾ, ക്രൈസ്ത് നഗർ സ്കൂൾ, മാർ ഇവാനിയോസ് കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

കെ.എസ്.സിയിലൂടെ യൂത്ത് ഫ്രണ്ടിലെത്തി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്‍റുമായി പ്രവർത്തിച്ചു. മുൻ സിവിൽ സപ്ലൈസ്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി. ഭാര്യ: അനില അനൂപ്. മക്കൾ: ടി.എം. ജേക്കബ്, ലിറാ അനൂപ്. 

സാബു കെ. ജേക്കബ് (എൽ.ഡി.എഫ്)

2010-15 ൽ പിറവം പഞ്ചായത്ത് പ്രസിഡന്റ്, 2015-20 ൽ പിറവം നഗരസഭയുടെ പ്രഥമ ചെയർമാൻ, സംസ്ഥാനത്തെ നഗരസഭകളുടെ ചേംബർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 14 വർഷമായി നിർധനരായ അമ്മമാർക്ക് കൈത്താങ്ങ് നൽകാൻ ‘അമ്മയോടൊപ്പം’ പരിപാടി നടത്തിവരുന്നു. കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവും യു.ഡി.എഫ് പിറവം മണ്ഡലം മുൻ ചെയർമാനുമാണ്. പിറവത്തെ കോൺഗ്രസിന്റെ പ്രഥമ മണ്ഡലം പ്രസിഡന്റായിരുന്ന കാരിത്തടത്തിൽ പരേതനായ കെ.വി. ജേക്കബിന്റെ മകനാണ്. ഭാര്യ: പ്രീതി സാബു. മക്കൾ: മനു ജേക്കബ് സാബു, ഡോ. മിന്നു സാറാ സാബു.

ജിബി എബ്രഹാം (എൻ.ഡി.എ)

തിരുവാണിയൂരിലെ ഡി.ഡി ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ. ട്വൻറി 20 കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്‍റ്. കൂത്താട്ടുകുളം മണിമലക്കുന്ന് കോളജിൽ വിദ്യാഭ്യാസം.

യാക്കോബായ സഭക്ക് വേണ്ടി രണ്ട് വീഡിയോ ആൽബങ്ങളുടെ രചനയും നിർമാണവും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ബീന മത്തായി. മക്കൾ: ബെനറ്റ്, ഡിയോൺ, ഡാനിൽ. 

Tags:    
News Summary - Anoop Jacob Enters the Fray for the Fourth Time to Retain the Seat in Piravom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.