പോരാട്ടവീര്യം ചോരാതെ പെരുമ്പാവൂര്‍

പെരുമ്പാവൂര്‍: രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ പ്രബലമായ രണ്ട് മുന്നണികള്‍ക്കും മാറിമാറി അവസരം നല്‍കിയ മണ്ഡലമാണ് പെരുമ്പാവൂർ. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇവിടെ സ്വാധീനമുണ്ട്.

ഐക്യ കേരളം രൂപവത്കരിച്ചതിനു ശേഷം 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ പി. ഗോവിന്ദപിള്ളയാണ് വിജയിച്ചത്. 1960ല്‍ കോണ്‍ഗ്രസിലെ കെ.എം. ചാക്കോ മണ്ഡലം പിടിച്ചെടുത്തു. 1965ലും 67ലും പി. ഗോവിന്ദപിള്ള വീണ്ടും വിജയിച്ചു.

1970ല്‍ കോണ്‍ഗ്രസിന്റെ പി.ഐ. പൗലോസാണ് വിജയിച്ചത്. ’77ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് പി.ആർ. ശിവന്‍, പി.ഐ. പൗലോസിനെ പരാജയപ്പെടുത്തി. ’80ല്‍ പി.ആര്‍. ശിവന്‍ തന്നെ മണ്ഡലം നിര്‍ത്തി. 1982ല്‍ ശിവനെ പരായപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ രംഗത്തെത്തി. പിന്നീട് ’96 വരെ മണ്ഡലം തങ്കച്ചനിലൂടെ കോണ്‍ഗ്രസ് നിലര്‍ത്തി. ഇക്കാലയളവില്‍ തങ്കച്ചന്‍ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചു.

2001ല്‍ തങ്കച്ചനെ അട്ടിമറിച്ച് സി.പി.എമ്മിലെ സാജു പോള്‍ മണ്ഡലം പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ മാറ്റമായിരുന്നു. 2001, 2006, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016ൽ സാജു പോളിനെ പരാജയപ്പെടുത്തി എല്‍ദോസ് കുന്നപ്പിള്ളി മണ്ഡലം യു.ഡി.എഫിലേക്ക് എത്തിച്ചു.

2021ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ മത്സരം മണ്ഡലത്തിലെ വോട്ട് സമവാക്യങ്ങള്‍ മാറ്റി. 2021ല്‍ കേരള കോണ്‍ഗ്രസിലെ ബാബു ജോസഫാണ് ഇടതു സ്ഥാനാർഥിയായി മത്സരിച്ചത്. 2,899 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചു.

ട്വന്റി20യുടെ ചിത്ര സുകുമാരന്‍ 20,536 ഉം ബി.ജെ.പിയുടെ ടി.പി. സിന്ധുമോള്‍ 15,135ഉം വോട്ട് നേടി.

ഇത്തവണ യു.ഡി.എഫിലെ മനോജ് മൂത്തേടനെ നേരിടുന്നത് എല്‍.ഡി.എഫിന്റെ (കേരള കോണ്‍ഗ്രസ് എം.) ബേസില്‍ പോളാണ്.

എന്‍.ഡി.എക്ക് വേണ്ടി ട്വന്റി20യുടെ ജിബി പാത്തിക്കല്‍ മത്സര രംഗത്തുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 132,274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നല്ലൊരു പങ്ക് പെരുമ്പാവൂര്‍ മണ്ഡലത്തിന്റേതാണ്.

പെരുമ്പാവൂര്‍ നഗരസഭ, ഒക്കല്‍, കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ, വെങ്ങോല, രായമംഗലം, അശമന്നൂര്‍, വാഴക്കുളം തുടങ്ങിയ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും യു.ഡി.എഫിന് അനുകൂലമായിരുന്നു. 10 വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍, ബൈപ്പാസ് പൂര്‍ത്തിയാകാത്തതും റോഡുകളുടെ ശോചനയീവസ്ഥയും അടക്കം കാര്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍.ഡി.എഫ് വോട്ടു തേടുന്നത്. മത്സര രംഗത്തു നിന്ന് നിലവിലെ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിനിര്‍ത്തിയതിലെ അമര്‍ഷം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയെങ്കിലും നേതൃത്വം ഇടപെട്ടതോടെ മഞ്ഞുരുകി.

മ​നോ​ജ് മൂ​ത്തേ​ട​ന്‍ (യു.​ഡി.​എ​ഫ്)

കോ​ള​ജ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന മ​നോ​ജ്​ മൂ​ത്തേ​ട​ൻ യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്റെ​യും കോ​ണ്‍ഗ്ര​സി​ന്റെ​യും നി​ര​വ​ധി സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്, കൂ​വ​പ്പ​ടി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റി​നു​ള്ള ജെ.​സി.​ഐ ഗ്രാ​മ​സ്വ​രാ​ജ് അ​വാ​ര്‍ഡ്, മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​ക്കു​ള്ള യൂ​ത്ത് ഗൈ​ഡ​ന്‍സ് അ​വാ​ര്‍ഡ്, മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നു​ള്ള ഗാ​ന്ധി​ദ​ര്‍ശ​ന്‍ അ​വാ​ര്‍ഡ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്. കൂ​വ​പ്പ​ടി സ്വ​ദേ​ശി​യാ​ണ്.

 

ബേസില്‍ പോള്‍ (എൽ.ഡി.എഫ്)

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബേസില്‍ പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സീറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയാണ് കോണ്‍ഗ്രസ് വിട്ടത്. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രായമംഗലം സ്വദേശിയാണ്.

ജിബി പാത്തിക്കല്‍ (എൻ.ഡി.എ)

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയും യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മറ്റി അംഗവുമായ ജിബി ട്വന്റി20 പ്രതിനിധിയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് യു.കെ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 

Tags:    
News Summary - Perumbavoor's fighting spirit remains intact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.