പി.ഐ. ശങ്കരനാരായണൻ
കൊച്ചി: മലയാള ഭാഷയുടെ വളർച്ചക്കും നിലനിൽപ്പിനും വേണ്ടി സ്വജീവിതം സമർപ്പിച്ചയാൾ; ബുധനാഴ്ച അന്തരിച്ച ബാലസാഹിത്യകാരനും കവിയും പത്രപ്രവർത്തകനുമെല്ലാമായ പി.ഐ. ശങ്കരനാരായണനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഭാഷയുടെ അസ്തിത്വം ഇല്ലാതാവുന്നതിനെ കുറിച്ച് പലരും വേവലാതിപ്പെടുമ്പോൾ മലയാളത്തെ പരിപോഷിപ്പിക്കാൻ അവസാന കാലം വരെയും തന്നാലാവും വിധമുള്ള പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങളിൽ നിന്നും ഒരു തരത്തിലുമുള്ള അംഗീകാരവുമില്ലാതെയാണ് ശങ്കരനാരായണൻ മടങ്ങുമ്പോൾ അദ്ദേഹം എഴുതിവെച്ച അക്ഷരങ്ങളും ആശയങ്ങളും ബാക്കിയാവുകയാണ്.
140ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിലേറെയും കുട്ടികൾക്കുവേണ്ടിയുള്ള കഥകളും കവിതകളുമാണ് ഏറെയും. 2003ൽ എഴുതിയ മധുമലയാളം എന്ന കവിതാസമാഹാരമാണ് ആദ്യകൃതി. ഈസോപ്പു കഥകളുടെ സ്വതന്ത്ര്യ പുനരാഖ്യാനം, ബാലസാഹിത്യം; നെല്ലും പതിരും, ദേവതയുടെ സ്വപ്നം, എവിടെയാണ് സ്വർഗം തുടങ്ങിയവയാണ് പ്രധാന കൃതികൾ. നവമന ബാലവികാസ കേന്ദ്രം എന്ന സ്വന്തം പ്രസാധക സംരംഭം നടത്തിയിരുന്നു. 1975ൽ കേന്ദ്ര സർക്കാറിന് കീഴിലുള്ള കാർഡമം ബോർഡിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം മുൻകൈയെടുത്താണ് സ്ഥാപനത്തെ ഏലം ബോർഡ് എന്ന് പുനർനാമകരണം ചെയ്തത്. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹം ഒരുക്കിയതാണ്.
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിനൊപ്പം മലയാള ദിനം കൂടി ആചരിക്കുന്നതിനായി പ്രയത്നിച്ചതും ശങ്കരനാരായണൻ തന്നെ. 1988ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് കേരളപ്പിറവി ദിനത്തിനൊപ്പം മലയാള ദിനമായും നവംബർ മാസം മാതൃഭാഷ മാസമായും ആചരിക്കാൻ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് ശങ്കരനാരായണൻ കത്തയച്ചു. എന്നാൽ, കത്തിന് പ്രതികരണമൊന്നുമുണ്ടായില്ല. അന്ന് സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം കൂടിയായിരുന്നു ശങ്കരനാരായണൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അന്നത്തെ പ്രസിഡന്റ് സി.പി. ശ്രീധരൻ തീരുമാനമെടുത്ത് ആ വർഷം മുതൽ സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് മലയാള ദിനാചരണം തുടങ്ങി. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട സർക്കാർ തൊട്ടുപിന്നാലെ മലയാളദിനാചരണവും തുടങ്ങിയതാണ് ചരിത്രം. ഇതേക്കുറിച്ച് ഇക്കഴിഞ്ഞ നവംബർ ഒന്നിന് മാധ്യമം വാർത്ത നൽകിയിരുന്നു. ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും എഴുത്തിനെ ഉപേക്ഷിച്ചില്ല. വനിതാദിനത്തിലെ ആശുപത്രിവാസത്തിനിടെയും കവിതകളെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.