ഓൺലൈൻ ക്ലാസും പരിസ്ഥിതി ദിനാചരണവും

ചെറുവത്തൂർ: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ പതിവ് അധ്യയനരീതിക്ക് പകരമായി ആവിഷ്കരിച്ച ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർഥികൾക്ക് ഗ്രന്ഥശാലകളിൽ സൗകര്യമൊരുക്കാൻ ഗ്രന്ഥശാലകൾ രംഗത്തിറങ്ങണമെന്ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞിരാമനും സെക്രട്ടറി ഡോ. പി. പ്രഭാകരനും അഭ്യർഥിച്ചു. ഒന്നാംതരം മുതൽ പന്ത്രണ്ടാംതരം വരെയുള്ള കുട്ടികൾക്ക് 'ഫസ്റ്റ് ബെൽ' എന്ന പേരിൽ വിവിധ സമയങ്ങളിലായി വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ്. ചില കുട്ടികൾക്കെങ്കിലും ഇത്തരം സൗകര്യം ലഭ്യമല്ലെന്ന് വിദ്യാലയങ്ങളിൽ നിന്നെടുത്ത കണക്കെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അവർക്ക് ടെലിവിഷൻ, ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഗ്രന്ഥശാലകളിൽ സൗകര്യമൊരുക്കും. പരിസ്ഥിതി ദിനത്തിൽ ഗ്രന്ഥശാലകളിൽ ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ, പച്ചത്തുരുത്ത് നിർമാണം, മറ്റ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ജില്ലതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് ജില്ല ലൈബ്രറിയിൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നിർവഹിക്കും. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'സുഭിക്ഷ' പരിപാടിയുടെ ഭാഗമായി മുഴുവൻ ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തിൽ 50 സൻെറ് സ്ഥലത്ത് കൃഷി ആരംഭിക്കും. പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ഇരുവരും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.