ചെറുവത്തൂരിൽ കുട്ടി ഡോക്ടർമാർക്ക് നൽകിയ പരിശീലനം
ചെറുവത്തൂർ: സ്കൂളുകളിൽ കുട്ടിപ്പോലീസുകാർ പതിവുകാഴ്ചയാണെങ്കിലും വെളുത്ത കോട്ട് ധരിച്ചെത്തുന്ന കുട്ടി ഡോക്ടർമാരും ഇനി വിദ്യാലയങ്ങളിലുണ്ടാവും. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മൂന്നുദിവസം നീളുന്ന പരിശീലനം തുടങ്ങി. എട്ടാം തരത്തിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ആരോഗ്യകേരളം കൗമാര ആരോഗ്യപദ്ധതിയിലൂടെ പരിശീലനത്തിന് തുടക്കമിട്ടത്. രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യകാര്യക്രമം പീയർ എജുക്കേറ്റേഴ്സ് ബ്ലോക്ക്തല പരിശീലനപരിപാടി ചെറുവത്തൂർ കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് നടന്നുവരുന്നത്.
‘ഞാനും എന്റെ കൂട്ടുകാരും’ എന്ന പേരിട്ട പരിശീലനത്തിൽ വളർച്ച, ആരോഗ്യവും ആനന്ദവും, ആരോഗ്യകരമായ ശീലങ്ങൾക്ക് ആരോഗ്യമുള്ള മനസ്സ്, പ്രജനന ലൈംഗിക ആരോഗ്യം കൗമാരത്തിൽ, അതിക്രമങ്ങളോടുള്ള പ്രതിരോധം, എന്റെ അവകാശങ്ങളും അർഹതകളും, ആരോഗ്യവും പരിസരവും തുടങ്ങി എട്ടു ഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. അഭിഭാഷകർ, പൊലീസ്, കില പരിശീലകരും ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നുണ്ട്. ആറ് പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലായി 30,000ത്തോളം വരുന്ന വിദ്യാർഥികൾ ആരോഗ്യ ബ്ലോക്കിന് കീഴിലുണ്ട്.
എട്ടാം തരത്തിൽ പഠിക്കുന്ന 70 വിദ്യാർഥികളാണ് വെള്ളക്കോട്ട് ധരിക്കുന്ന കുട്ടി ഡോക്ടർമാരുടെ പരിശീലന കാമ്പിൽ പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ്ത്രോയിൽ റെക്കോഡ് നേടിയ കായികതാരം ടി. സോനാമോഹൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടി.എ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. പി.കെ. മധു, പി.വി. മഹേഷ് കുമാർ, പി.എം. തോമസ്, പി. സുമ, വി. പ്രീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.