കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാതല ടി.എൻ.എ. ശിൽപശാല കാസർകോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. രാഘവേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ലോക ബാങ്കിന്‍റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്‌മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശിൽപശാല സംഘടിപ്പിച്ചു.
കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്‌മെന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ജില്ലാതല ശിൽപശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.
കാസർകോട് ആത്മ ഹാളിൽ നടത്തിയ ശിൽപശാല കാസർകോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. രാഘവേന്ദ്ര ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ. ആനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേര നോർത്ത് റീജ്യണൽ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ ഷീന പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മേനോൻ, ഡോ. എ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ. വീണാറാണി സ്വാഗതവും ആത്മ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ പ്രീതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.