കാസർകോട്: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഞായറാഴ്ച വരെ കലോത്സവം അരങ്ങേറും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. ബുധനാഴ്ച രാവിലെ 10ന് മിനി ഓഡിറ്റോറിയം വേദി ഒന്നിൽ ഓടക്കുഴൽ പുരസ്കാര ജേതാവ് ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല യൂനിയൻ ചെയർമാൻ നന്ദജ്ബാബു അധ്യക്ഷത വഹിക്കും. ശിൽപി ഉണ്ണി കാനായി മുഖ്യാതിഥിയാകും.
ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന സ്റ്റേജ് മത്സരങ്ങൾ ആറിന് ഉച്ചക്ക് രണ്ടിന് പട്ടികജാതി-വർഗ പിന്നാക്കവിഭാഗം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിക്കും. പ്രകമ്പനം സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മുഖ്യാതിഥികളാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, സർവകലാശാല വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അഞ്ചുദിവസത്തെ കലോത്സവത്തിൽ 11 വേദികളിലായി നടക്കുന്ന മത്സരത്തിൽ 141 ഇനങ്ങളിൽ 3590 പേർ പങ്കെടുക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളജുകളിൽനിന്നുള്ള മത്സരാർഥികളാണ് കലോത്സവത്തിനെത്തുക.
നെഹ്റു കോളജിന് പുറമെ പടന്നക്കാട് കാർഷിക കോളജ്, അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഓരോ വേദിയുണ്ടാകും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി.വി. രമേശൻ, ജന. കൺവീനർ കെ. പ്രണവ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ, കോളജ് പ്രിൻസിപ്പൽ ഡോ. ടി. ദിനേശ്, എ. മോഹനൻ, എം. ദിൽജിത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.