ജില്ല ആശുപത്രിക്ക് മുന്നിലെ ദേശീയപാത നിർമാണ പ്രവൃത്തി
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ആതുരാലയമായ ജില്ല ആശുപത്രിയിലേക്ക് പോകാൻ വഴിയില്ല. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വഴികളെല്ലാം അടച്ചു. ഇതോടെയാണ് വഴിമുട്ടിയത്. ചെമ്മട്ടംവയൽ അടിപ്പാത വഴിയോ കൂളിയങ്കാൽ അടിപ്പാത വഴിയോ വന്നാൽ മാത്രമേ ജില്ല ആശുപത്രിയിലേക്ക് കടക്കാൻ സാധിക്കൂ. രണ്ടിടങ്ങളിലേക്കും അര കിലോമീറ്ററെങ്കിലും കറങ്ങണം വ്യാഴാഴ്ച വൈകീട്ടോടെയാണ് റോഡ് അടച്ചത്.
മാവുങ്കാൽ ചെമ്മട്ടംവയൽ ഭാഗത്തേക്കുള്ള ബന്ധുകൾ ഉൾപ്പെടെ വാഹനങ്ങൾ ജില്ല ആശുപത്രി മുതൽക്കുള്ള സർവിസ് റോഡിലൂടെയും കാസർകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മെയിൻ റോഡ് വഴിയും പോകണമെന്നായിരുന്നു അറിയിപ്പ്. സർവിസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജനം അനുഭവിക്കുന്ന പ്രയാസങ്ങൾ നിലനിൽക്കെയാണ് ജില്ല ആശുപത്രി വഴിയും മുട്ടിയത്. പരിസരത്തുള്ളവർ വിഷയത്തിൽ ഇടപെടുകയും ആശുപത്രിയിലേക്കുള്ള വഴിമുടക്കരുതെന്നും ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, നഗരസഭ ചെയർമാൻ വി.വി. രമേശൻ, വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ പ്രവീൺ തോയമ്മൽ, എം. കുഞ്ഞികൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, മുൻ കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി ഹാജി, ഷിബിൻ ഉപ്പിലിക്കൈ, സി.പി.എം നേതാക്കളായ അനിഷ് കടത്തനാടൻ, സി. രാധാകൃഷ്ണൻ നായർ, എ. നാരായണൻ തുടങ്ങിയവർ അധികൃതരുമായി ചർച്ച നടത്തി പരിഹാരമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.