സുഭിക്ഷ കേരളം പ്രചാരണം: ഹ്രസ്വചിത്രവുമായി കുടുംബശ്രീ

കാസർകോട്: സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. സംസ്ഥാന അവാര്‍ഡ് ജേതാവായ സന്തോഷ് പെരിങ്ങേത്ത് സംവിധാനം നിര്‍വഹിച്ച് നടൻ ഉണ്ണിരാജ അഭിനയിച്ച ചിത്രം ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു. കുട്ടികള്‍, വനിതകള്‍, പ്രവാസികള്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, സര്‍ക്കാര്‍ ശമ്പളക്കാര്‍ തുടങ്ങി പൊതു സമൂഹത്തിന് കാര്‍ഷിക രംഗത്തോട് ആഭിമുഖ്യം ഉണ്ടാക്കുന്നതാണ് ചിത്രത്തിൻെറ ആശയം. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി ശക്തമായ കുടുംബശ്രീ സംഘടന സംവിധാനത്തില്‍ 10962 അയല്‍ക്കൂട്ടങ്ങളിലായി 178654 അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സുഭിക്ഷ കേരളം, ഞാനും എൻെറ അയല്‍ക്കൂട്ടവും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി ഓരോ അയല്‍ക്കൂട്ടത്തിലും സംഘകൃഷി ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലോക്ഡൗണ്‍ കാലയളവായ ഏപ്രില്‍, മേയ് മാസങ്ങളില്‍ ജില്ലയില്‍ പുതുതായി 2117 ജെ.എല്‍.ജികള്‍ രൂപവത്കരിച്ച് കൃഷി ആരംഭിച്ചു. പട്ടികവര്‍ഗ മേഖലയില്‍ ഞാനും എൻെറ ഊരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പുതുതായി 42 ജെ.എല്‍.ജികള്‍ രൂപവത്കരിച്ച് 160 സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 133 ഏക്കര്‍ സ്ഥലത്ത് പുതുതായി കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിന് തുടക്കമിട്ടു. മഞ്ചേശ്വരം, പൈവളികെ, വോര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളിലെ 15 കൊറഗ ഊരുകളില്‍ 220 കുടുംബങ്ങളാണ് കൃഷിയാരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ ആശ്വാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ മുന്നിലാണ്. ബ്രേക്ക് ദ ചെയിന്‍ പ്രചാരണം, മാസ്‌ക്, സാനിറ്റൈസര്‍ നിർമാണം എന്നിവയിലൂടെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 54 സമൂഹ അടുക്കളകൾ ആരംഭിക്കുന്നതിനും കുടുംബശ്രീക്കായി. ഇതിലേക്കാവശ്യമായ പച്ചക്കറികള്‍ സൗജന്യമായി എത്തിക്കാൻ കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് സാധിച്ചു. പടം PRD (ഷോര്‍ട്ട് ഫിലിം) സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീ നേതൃത്വത്തില്‍ തയാറാക്കിയ ഹ്രസ്വചിത്രം ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.