മന്‍സൂറിന്‍െറ കൊല : കൃത്യംനടത്തിയത് നാലുപേര്‍; ഒരാള്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: കാസര്‍കോട് വിദ്യാനഗര്‍ ചെട്ടുംകുഴി സ്വദേശി മുഹമ്മദ് മന്‍സൂറിന്‍െറ (42) കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് നാലുപേരെന്ന് അന്വേഷണസംഘം. കൃത്യത്തില്‍ പങ്കെടുത്ത യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബായാര്‍ മുളിഗദ്ദെയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ എടമ്പള ചക്കരഗുളിയിലെ ആളൊഴിഞ്ഞസ്ഥലത്തെ കിണറ്റിലാണ് മന്‍സൂറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയത്. ഈ പ്രദേശത്തെ യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിനെക്കുറിച്ചുള്ള പൂര്‍ണവിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. തമിഴ്നാട് സ്വദേശിയും ബായാറിലെ താമസക്കാരനുമായ യുവാവിന്‍െറ ഒമ്നി വാനിലാണ് മന്‍സൂറിനെ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചത്. ഇയാള്‍ മൈസൂരുവിലേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് മൈസൂരുവിലേക്ക് പോയെങ്കിലും പ്രതിയെ കണ്ടത്തൊന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരെ തനിക്ക് നേരിട്ട് പരിചയമില്ളെന്നാണ് കസ്റ്റഡിയിലുള്ള പ്രതി മൊഴിനല്‍കിയത്. ബാങ്കിലുള്ള പഴയ സ്വര്‍ണം എടുത്ത് വില്‍പനനടത്തുന്ന മന്‍സൂറിനെ പ്രതികള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ബായാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസര്‍കോട് കറന്തക്കാടുവരെ സ്വന്തം സ്കൂട്ടറില്‍ എത്തിയ ഇയാള്‍ ഇവിടെനിന്ന് ഉപ്പളവഴി ബസില്‍ ഒന്നരയോടെ ബായാറില്‍ എത്തി. ഇവിടെനിന്ന് ഒമ്നി വാനില്‍ കൂട്ടിക്കൊണ്ടുപോവുകയും എടമ്പള ചക്കരഗുളിയില്‍ എത്തിയപ്പോള്‍ സംഘത്തിലെ ഒരാള്‍ പിറകില്‍നിന്ന് ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട മന്‍സൂറിനെ കല്ലുകൊണ്ട് മുഖത്തും തലക്കും കുത്തിയാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളി. ബായാര്‍ ജാറംവഴി ബള്ളൂര്‍ പുഴയില്‍ കൊണ്ടുപോയി വാഹനം കഴുകിയശേഷം കൂടെയുണ്ടായിരുന്നവരെ കന്യാനയില്‍ ഇറക്കുകയും ചെയ്തു. ബായാറിലെ ഒരു സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന വാനാണിത്. പ്രതികളെ രക്ഷപ്പെടുത്തിയശേഷം പതിവുപോലെ കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു. രാത്രിയോടെ കൊലപാതകവിവരം പുറത്തായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു. ഇതിനിടയില്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബായിക്കട്ടയില്‍നിന്നാണ് സംഘത്തിലുള്ള യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുമ്പള സി.ഐ വി.വി. മനോജിനാണ് കേസ് അന്വേഷണച്ചുമതല. മഞ്ചേശ്വരം എസ്.ഐ പ്രമോദ്, പൊലീസ് ചീഫിന്‍െറ ക്രൈം സ്ക്വാഡ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.