ജനം ഏറ്റെടുത്തു; ജലോത്സവം ജനകീയോത്സവമായി

ചെറുവത്തൂര്‍: തേജസ്വിനിയുടെ ഇരു കരകളിലുമായി ഒഴുകിയത്തെിയ ആയിരങ്ങളുടെ സഹകരണവും പ്രോത്സാഹനവും ജലോത്സവത്തെ ജനകീയോത്സവമാക്കി. ഗാന്ധിജയന്തി ദിനത്തില്‍ തേജസ്വിനിയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മഹാത്മാഗാന്ധി ട്രോഫിക്കായി സംഘടിപ്പിച്ച ഉത്തരമലബാര്‍ ജലോത്സവമാണ് സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായത്. ജലോത്സവം ഉച്ച മൂന്നിനാണ് ആരംഭിച്ചതെങ്കിലും വളരെ നേരത്തെതന്നെ കാണികള്‍ തേജസ്വിനിയുടെ കര സ്വന്തമാക്കിയിരുന്നു. നെഹ്റു ട്രോഫിക്കായി നടുഭാഗം ചുണ്ടനുവേണ്ടി തുഴഞ്ഞ 80ഓളം തുഴച്ചിലുകാര്‍ വിവിധ ടീമുകള്‍ക്കായി പങ്കായമെറിഞ്ഞത് ഇത്തവണ തേജസ്വിനി ജലോത്സവത്തിന്‍െറ മാറ്റുകൂട്ടി. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി തേജസ്വിനിയിലെ ജലത്തുള്ളികളെ കണ്ണാടിച്ചില്ലുപോലെ തട്ടിത്തെറിപ്പിച്ച ടീമുകള്‍ക്ക് തുടക്കം കുറിച്ച രാമഞ്ചിറ മുനമ്പ് മുതല്‍ അവസാനിക്കുന്ന കാര്യങ്കോട് പാലം വരെ ആവേശം നല്‍കാന്‍ കാണികള്‍ക്കായി. പ്രശസ്ത വള്ളംകളി കമന്‍േററ്ററായിരുന്ന ഗ്രിഗറിയുടെ ശിഷ്യനായി ജോസ് ഇളംകുളവും സംഘവും മത്സരത്തിന്‍െറ ദൃക്സാക്ഷി വിവരണം നടത്തി. വഞ്ചിപ്പാട്ടിന്‍െറ താളത്തോടെ മലബാറിന്‍െറ ഓളങ്ങളില്‍ നടത്തിയ വിവരണവും തുഴച്ചിലുകാര്‍ക്കൊപ്പം കാണികളെയും ആവേശഭരിതരാക്കി. അടുത്തകാലത്തായി അഞ്ചോളം വള്ളംകളി മത്സരങ്ങള്‍ ഉത്തരകേരളത്തില്‍ നടന്നിരുന്നു. എന്നാലും തേജസ്വിനിയിലെ ജലരാജാക്കന്മാരാവുക എന്നത് ഓരോ ടീമിനെയും സംബന്ധിച്ച് അഭിമാനപ്രശ്നമായിരുന്നു. അതിനാല്‍, ദിവസങ്ങളോളം നീണ്ട തികഞ്ഞ പരിശീലനത്തോടെ ചിട്ടയായ ക്രമീകരണങ്ങള്‍ നടത്തിയാണ് ഭൂരിഭാഗം ടീമുകളും മത്സരത്തിന് മാറ്റുരക്കാനായി എത്തിയത്. സംഘാടകരുടെയും പൊലീസിന്‍െറയും കര്‍ശന നിര്‍ദേശമുണ്ടായിട്ടും ചെറുവള്ളങ്ങളിലത്തെിയ കാണികള്‍ മത്സരത്തിന്‍െറ മാറ്റ് അല്‍പം കുറച്ചു. എങ്കിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും പോരാട്ടംകൊണ്ടും തേജസ്വിനി ജലോത്സവം ഇക്കുറിയും ഉത്തരമലബാറിന്‍െറ ഉത്സവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.