പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ യോഗ നടപടികള്‍ ഡിജിറ്റലാക്കിയ ആദ്യജില്ലയായി കാസര്‍കോട്

കാസര്‍കോട്: മുഴുവന്‍ പ്രാദേശിക ഭരണസ്ഥാപനങ്ങളുടെയും യോഗനടപടികള്‍ ഡിജിറ്റലാക്കിയ (ഡിജിറ്റലൈസ്ഡ് മീറ്റിങ് മാനേജ്മെന്‍റ് സിസ്റ്റം) സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപനം നടത്തി. പ്രാദേശിക ഭരണകൂടങ്ങള്‍ സുതാര്യവും സംക്ഷിപ്തവും അഴിമതിരഹിതവുമായി പ്രവര്‍ത്തിക്കുന്നതിന് ജില്ല മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് അഭിമാനാര്‍ഹമായ നേട്ടമാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം മുന്നേറാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ അധ്യക്ഷനായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. യോഗ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുന്നതില്‍ മികവ് കാട്ടിയ കാറഡുക്ക, കയ്യൂര്‍-ചീമേനി, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ ഉപഹാരം നല്‍കി. കില കോഴ്സ് ഡയറക്ടര്‍ ഡോ. ജെ.ബി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍ റിപ്പോര്‍ട്ട് അവത രിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസോ. ജില്ലാ പ്രസിഡന്‍റ് എ.എ. ജലീല്‍, സെക്രട്ടറി രാജു കക്കയം, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. ഗൗരി, വി.പി. ജാനകി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. നാരായണന്‍ നമ്പൂതിരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.