ജോലി അവിടെ; കൂലി ഇവിടെ: ജില്ലയില്‍നിന്ന് ശമ്പളം വാങ്ങുന്ന 25 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് മറ്റ് ജില്ലകളില്‍

കാസര്‍കോട്: ജില്ലയിലെ വിവിധ ഓഫിസുകളിലെ 25 ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നത് മറ്റ് ജില്ലകളില്‍. വര്‍ക്കിങ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ മറ്റ് ജില്ലകളില്‍ ജോലിചെയ്യുന്ന ഇവരെ തിരിച്ചയക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എക്സൈസ് -രണ്ട്, കൃഷി വകുപ്പ് -ഒന്ന്, മൃഗസംരക്ഷണം -ഒന്ന്, വാണിജ്യ നികുതി -16, പഞ്ചായത്ത് -ഒന്ന്, റവന്യൂ -രണ്ട്, സാമൂഹികനീതി -രണ്ട് എന്നിങ്ങനെയാണ് ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ പോയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പ്രഭാകരന്‍ കമീഷന്‍ ശിപാര്‍ശകള്‍ക്ക് വിരുദ്ധമായാണ് ഈ നടപടി. ഇക്കാര്യം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ 11 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും 17 അസി. എന്‍ജിനീയര്‍മാരുടെയും നിരവധി ജില്ലാ ഓഫിസര്‍മാരുടെയും ഒഴിവുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ലോകബാങ്ക് ധനസഹായംപോലും നഷ്ടപ്പെടുകയാണ്. ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചീമേനിയില്‍ നാവിക അക്കാദമിക്ക് 400 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാനുള്ള നടപടി പുന$പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജില്ലയുടെ 70 കി.മീ. നീളമുളള തീരദേശത്തെ മീന്‍പിടിത്തം ഉപജീവനമാക്കിയ തൊഴിലാളികള്‍ പ്രതിസന്ധിയിലാണെന്നും ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നീലേശ്വരം തൈക്കടപ്പുറത്തും കാസര്‍കോട് കീഴൂരിലും മത്സ്യത്തൊഴിലാളികള്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പെട്ട സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറയും തീരദേശ പൊലീസിന്‍െറയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ പ്രമേയം അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനുവാദകനായി. മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവശേഷിക്കുന്ന നാല് കിലോമീറ്ററില്‍ ഉടന്‍ നാറ്റ്പാക് സര്‍വേ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.